
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധവുമായി ഇന്ത്യാസഖ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്നും 11.30ന് ആരംഭിക്കുന്ന മാർച്ചിൽ 300 എംപിമാർ പങ്കാളികളാകും. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക തട്ടിപ്പ് ആരോപണത്തെ ചർച്ചയാക്കാനും പ്രധാന വിഷയമായി ഉയർത്താനുമാണ് ലക്ഷ്യം.
മാർച്ചിൽ വിഷയം മുൻനിർത്തി വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളും നേതാക്കൾ ഉയർത്തും. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇൻഡ്യ സഖ്യത്തിലെ കക്ഷികൾ. മാർച്ചിന് ശേഷം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ എംപിമാർക്ക് ഒരുക്കുന്ന അത്താഴ വിരുന്നിലും ഇക്കാര്യം ചർച്ചചെയ്യും.