
തൃശൂർ: തൃശൂരിലെ വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. ഇന്നലെ നടന്ന സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെ അശ്വനി ഹോസ്പിറ്റലിൽ എത്തി സന്ദർശിച്ചു. പ്രവർത്തകരോട് മാത്രം സംസാരിച്ച സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് മൗനം പാലിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം അവിടെ നിന്ന് വന്ദേഭാരത് ട്രെയിനിൽ തൃശൂരിലെത്തിയത്.
റെയില്‍വേ സ്റ്റേഷനില്‍ സുരേഷ് ഗോപിക്ക് ബിജെപി പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. പരുക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചതിനൊപ്പം തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷന്‍ ഓഫീസിലേക്ക് നടക്കുന്ന ബിജെപി മാര്‍ച്ചിലും സുരേഷ് ഗോപി പങ്കെടുക്കും. ഇന്നലെ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് പ്രതികരണം ആരാഞ്ഞെങ്കിലും ഒന്നും മിണ്ടാതെ വാഹനത്തില്‍ കയറുകയായിരുന്നു.