
ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അനിയനും ഇരട്ടവോട്ട്. സുരേഷ് ഗോപിയുടെ അനിയൻ സുഭാഷ് ഗോപിയ്ക്കും ഭാര്യ റാണി സുഭാഷിനുമാണ് കൊല്ലത്തും തൃശൂരും വോട്ടുള്ളത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസിൻ്റെ പേരിൽ ഇരവിപുരം മണ്ഡലത്തിലെ 1116ാം നമ്പർ വിജ്ഞാന ഭവൻ ബൂത്തിലാണ് വോട്ട്.
കൂടാതെ, ലോകസഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ അനുയായിയായ കോട്ടയം സ്വദേശിക്കും തൃശ്ശൂരിൽ വോട്ട് എന്ന് റിപ്പോർട്ടുകൾ. കോട്ടയം പാലാ സ്വദേശി ബിജു പുളിക്കകണ്ടത്തിനും ഭാര്യയുമാണ് ലോകസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വോട്ട് ചെയ്തത്. എന്നാൽ ബിജുവിന്റെയും ഭാര്യയുടെയും വോട്ട് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാലാ നഗരസഭയിലുമാണ്.
അതേ സമയം, തൃശൂർ, ആലത്തൂർ എന്നി ഇരു പാർലമെൻറ് മണ്ഡലങ്ങളിലും ആർഎസ്എസ് നേതാവ് ഷാജി വരവൂർ, ഭാര്യ സ്മിത, അമ്മ കമലാക്ഷി എന്നിവർക്കും ഇരട്ട വോട്ട് ഉണ്ട്. തൃശൂരിൽ ലോകസഭ തെരഞ്ഞെടുപ്പിൽ പുതുതായി ചേർത്ത വോട്ടേഴ്സ് ലിസ്റ്റിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ട് .
തൃശൂരിൽ ബൂത്ത് നമ്പർ 37 ൽ ഫോറം 6 പ്രകാരം വോട്ടർ പട്ടികയിൽ പുതുതായി ഇടം നേടിയ 190 പേരിൽ 24 പേരും മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരാണ്. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വോട്ട് ചേർക്കപ്പെട്ടിട്ടുണ്ട് എന്ന ആരോപണം തെളിയിക്കുന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.