
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ദർബാർ ഹാളിൽ എത്തി ജനസാഗരം പോലെ പതിനായിരങ്ങൾ. ചെങ്കൊടിയും ദേശീയ പതാകയും പുതച്ച് കിടക്കുന്ന വി എസ് ഒരു ജനതയുടെ വിങ്ങലായി മാറുകയാണ്. വിപ്ലവപ്രസ്ഥാനത്തിലൂടെ സമരങ്ങളിലൂടെ ജനങ്ങൾക്ക് വേണ്ടി, സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ടിരുന്ന വി എസിൻ്റെ മരണം വലിയ നഷ്ടമാണ് കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്.
അവസാനമായി ഒന്ന് വിഎസിനെ കാണാൻ ആളുകൾ ഒഴുകിയെത്തുകയാണ്. മുഖ്യമന്ത്രിയും പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളും, മുതിർന്ന പാർട്ടി നേതാക്കളും തുടങ്ങിയ എല്ലാവരും ദർബാർ ഹാളിൽ വിഎസിനൊപ്പമുണ്ട്. ഇന്ന് രാവിലെ വേലിക്കകത്ത് വീട്ടിൽ നിന്നാണ് ദർബാർ ഹാളിൽ പൊതുദർശനത്തിനായി എത്തിച്ചത്. തുടർന്ന് രണ്ട് മണിക്ക് ആലപ്പുഴയിലേക്ക് വിലാപയാത്ര തുടങ്ങും. തുടർന്ന് വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.
ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും. വി എസ് എന്ന അതുല്യ നേതാവ് വിട പറഞ്ഞ സമയം തൊട്ട് ജനസാഗരമാണ് വി എസിനെ കാണാനായി എത്തുന്നത്. നെഞ്ചുപൊട്ടുന്ന മുദ്രാവാക്യങ്ങളോടെ വിഎസിനെ യാത്രയാക്കുന്ന ഓരോ ആളുകളും വി എസിൻ്റെ അടുത്ത് എത്തുകയാണ്.
വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.