
തിരുവനന്തപുരം: സമര സൂര്യൻ വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. എസ്.യു.ടി ആശുപത്രിയിൽനിന്ന് തിങ്കളാഴ്ച വൈകീട്ട് 7.15-ഓടെ വിഎസിന്‍റെ മൃതദേഹം ആംബുലൻസിൽ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ ഒഴുകിയെത്തിയത്. ‘കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അവർ തങ്ങളുടെ ചങ്കിടിപ്പായ നേതാവിന് യാത്രമൊഴിയേകുന്ന വൈകാരികരംഗങ്ങളാണ് തിങ്കളാഴ്ച വൈകീട്ട് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ കണ്ടത്.
വിഎസിന്റെ ഭൗതികശരീരവും വഹിച്ച് ആംബുലന്‍സ് എത്തുമ്പോള്‍ പാര്‍ട്ടി ആസ്ഥാനവും പരിസരവും ജനസമുദ്രം. പ്രിയനേതാവിനെ ഒരു നോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. അന്തരീക്ഷത്തിലുയരുന്ന മുഷ്ടികള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും നടുവിലൂടെ ഏറെ പണിപ്പെട്ടാണ് വിഎസിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ഹാളിലേക്ക് എത്തിച്ചത്. ‘ഇല്ലാ, ഇല്ലാ പിന്നോട്ടില്ലാ’ എന്ന മുദ്രാവാക്യം പോലെ വിഎസ് തെളിച്ചിട്ട വഴികളിലൂടെ മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ കരുത്താകുമെന്ന് പലരും പ്രതികരിച്ചു. സിപിഎമ്മിന്റെ ക്രൗഡ്പുള്ളര്‍ ആയിരുന്ന വിഎസ് അവസാനമായി പാര്‍ട്ടി ആസ്ഥാനത്ത് എത്തുമ്പോഴും അണമുറിയാതെ ജനക്കൂട്ടം അദ്ദേഹത്തെ കാത്തുനിന്നു, പുഷ്പങ്ങള്‍ അര്‍പ്പിച്ച് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍.
രാത്രി 12 മണിക്ക് എകെജി പഠനഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനം അവസാനിച്ച ശേഷം മൃതദേഹം തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ഒന്‍പതുമണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും.
ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്‌ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.
VS Achuthanandan passed away