
ആലപ്പുഴ : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൃതദേഹവുമായുള്ള വിലാപയാത്ര ആലപ്പുഴയില്‍ തുടരുന്നു. പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്ക് എത്തിയ ചേതനയറ്റ അച്യുതാനന്ദനെന്ന വിപ്ലവസൂര്യനെ ഒരുനോക്ക് കാണുവാന്‍ ജനലക്ഷങ്ങളാണ് എത്തുന്നത്. ആലപ്പുഴയുടെ വഴിനീളെ വൈകാരിക കാഴ്ചകളാണ് ബാക്കിയാകുന്നത്.
പുന്നപ്ര സമരനായകര്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് ശ്മശാനത്തിലാണ് വിഎസിനും നിത്യനിദ്രക്ക് ഇടമൊരുങ്ങുക. ഈ ശ്മശാനം വിഎസിന്റെ പേരിലാണെന്ന പ്രത്യേകതയുണ്ട്. കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി.തോമസിന്റെയും പി.ടി.പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്താണ് വിഎസിന്റെ സംസ്‌കാരം നടക്കുക. സ്മാരകത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കായി പ്രത്യേകം വേര്‍തിരിച്ച ഭൂമിയുണ്ട്. പുന്നപ്ര സമര നേതാവായിരുന്ന പി.കെ.ചന്ദ്രാനന്ദന്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.