സ്‌നേഹം നല്‍കി മതിയാകാതെ ജനസാഗരം… കൊല്ലം കടക്കാനാകാതെ വിലാപയാത്ര, രാത്രിയെ പകലാക്കി കേരളം

തിരുവനന്തപുരം : ആയിരങ്ങള്‍, പതിനായിരങ്ങള്‍, ലക്ഷങ്ങള്‍…മഴയും കൂരിരുളും താണ്ടി വി.എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യങ്ങളേകാന്‍ കാത്തു നില്‍ക്കുന്ന ജനസാഗരത്തെ താണ്ടി നീങ്ങി മുന്നേറാന്‍ നന്നേ പാടുപെടുന്നു വിലാപ യാത്ര.

ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ട് കൊല്ലം ജില്ലയിലൂടെ നീങ്ങുകയാണ്. ആലപ്പുഴയിലെ വീട്ടിലെത്തുമെന്ന് കരുതിയിരുന്നത് ഇന്നലെ രാത്രി 9 മണിയോടു കൂടിയാണെങ്കിലും സ്‌നേഹാദരങ്ങളുടെ അണമുറിയാത്ത പ്രവാഹത്തില്‍ എല്ലാം തെറ്റി. ആള്‍ത്തിരക്കു മൂലം വിലാപയാത്രയ്ക്ക് ഇനിയും കൊല്ലംജില്ല കടക്കാന്‍പോലുമായിട്ടില്ല.

ദര്‍ബാര്‍ ഹാളില്‍നിന്ന് ആദ്യ പോയിന്റായ പാളയത്തേക്ക് എത്താന്‍ എടുത്തത് അരമണിക്കൂറാണ്. സെക്രട്ടേറിയറ്റ് പരിസരം കടക്കാനും അരമണിക്കൂര്‍ എടുത്തു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും നാലര മണിക്കൂര്‍ വൈകി ഏഴരയോടെയാണ് യാത്ര അവിടെയെത്തിയത്. പാര്‍ട്ടി നിശ്ചയിച്ച സമയക്രമം ആള്‍ത്തിരക്കു മൂലം തുടക്കത്തില്‍ത്തന്നെ തെറ്റിയിരുന്നു. വികാരഭരിതരായ ജനക്കൂട്ടമാണ് പ്രിയനേതാവിന് അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 16 മണിക്കൂർ പിന്നിടുമ്ബോഴാണ് 70 കിലോമീറ്റർ മാത്രം പിന്നിട്ട് കരുനാഗപ്പള്ളിയിൽ എത്തിയത്. ഇപ്പോൾ വിലാപയാത്രയുടെ വേഗം കൂട്ടിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും അന്തിമോപചാരമർപ്പിക്കാൻ സൗകര്യമുണ്ടാവില്ല. ഇനിയും 69 ഓളം കിലോമീറ്റർ വിലാപയാത്ര സഞ്ചരിക്കേണ്ടതുണ്ട്.

ആലപ്പുഴയ്ക്ക് അവധി, ഗതാഗത നിയന്ത്രണം

വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്‌കാരം നടക്കുന്ന ആലപ്പുഴ ജില്ലയില്‍ ഇന്ന് അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ദീര്‍ഘ ദൂര ബസുകള്‍ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നുമാണ് അറിയിപ്പ്.

More Stories from this section

family-dental
witywide