കണ്ണീരണിഞ്ഞ് ഭൂമിയും ആകാശവും, സങ്കടപ്പെരുമഴ പെയ്തിറങ്ങി, പുന്നപ്രയിൽ ജനനായകന് അന്ത്യവിശ്രമം, വിഎസ് ഇനി ജ്വലിക്കുന്ന ചുവന്ന നക്ഷത്രം

ആലപ്പുഴ: തലമുറകൾക്ക് വിപ്ലവ വീര്യത്തിനുള്ള തീ പകര്‍ന്ന് നൽകി വിഎസ് എന്ന സ്നേഹത്തിന്‍റെയും പോരാട്ടത്തിന്‍റെയും രണ്ടക്ഷരം അനശ്വരതയുടെ ആകാശത്തേക്ക് മടങ്ങി. കേരളം കണ്ട ഏറ്റവും വലിയ യാത്രയയപ്പ് നൽകി പ്രിയ സഖാവിന് മലയാള മണ്ണ് വിട നൽകി. ചോര കൊടുത്ത് ചുവപ്പിച്ച പ്രിയ പതാക പുതച്ച് വിഎസിനെ വലിയ ചുടുകാട്ടിലേക്ക് എത്തിച്ചപ്പോൾ കണ്ഠമിടറാതെയുള്ള മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. വി എസ് അച്യുതാനന്ദനെ സഖാവ് വിഎസ് ആക്കിയ ആലപ്പുഴയുടെ മണ്ണിൽ ധീരസഖാക്കൾക്കൊപ്പം അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കി. ഒമ്പത് മണിയോടെ പൊലീസ് വിഎസിന് ഔദ്യോഗിക ബഹുമതി നൽകി. ചിത കൊളുത്തുമ്പോൾ പോരാളികളുടെ നേതാവേ എന്ന് തൊണ്ടയിടറാതെ ആയിരങ്ങൾ മുദ്രാവാക്യം ഉയർത്തി.

കനത്ത് പെയ്ക മഴയിലും അലകടലായി ഒഴുകിയെത്തിയ ജനസാഗരത്തിന്‍റെ സ്നേഹത്തിന് മുന്നിൽ സമയക്രമമെല്ലാം തെറ്റുന്ന കാഴ്ചയാണ് ആലപ്പുഴയിൽ കണ്ടത്. പെയ്റിങ്ങിയ കണ്ണീര്‍ മഴയിലും മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യങ്ങളുമായി കാത്തുനിന്ന അനേകാരിയിരം പേര്‍ക്ക് ഒരു നോക്ക് കാണാനുള്ള അവസരം രാത്രി എട്ട് മണി വരെ ഒരുക്കി നൽകി. ഒടുവിൽ റിക്രിയേഷൻ ക്ലബ്ബിനെ പൊതുദര്‍ശനം അവസാനിപ്പിച്ച് വിഎസിന്‍റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിലേക്ക് എടുക്കുമ്പോഴും ജനങ്ങളുടെ ഒഴുക്ക് അവസാനിച്ചിരുന്നില്ല. വലിയ ചുടുകാട്ടിലേക്കുള്ള യാത്രയും തോരാ മഴയിലായിരുന്നു.

പുന്നപ്ര വയലാർ രക്തസാക്ഷികൾ, പി കൃഷ്ണപിള്ള, ടി വി തോമസ് എന്നിവരുങ്ങുന്ന അതേ മണ്ണിലാണ് വിഎസും ലയിച്ചത്. തിരുവനന്തപുരം ദർബാർ ഹാളിൽ നിന്ന് തുടങ്ങിയ വിലാപയാത്ര, 22 മണിക്കൂറിലേറെ സമയമെടുത്ത് ജനസാഗരമായ തെരുവോരങ്ങളുടെ കണ്ണീർ പുക്കളേറ്റ് വാങ്ങിയാണ് ഇന്ന് 12 മണിയോടെ പുന്നപ്ര വേലിക്കകത്തെ വീട്ടിലെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ, പാതയോരങ്ങളിൽ മണിക്കൂറുകളോളം കാത്തുനിന്ന്, ‘കണ്ണേ കരളേ വി.എസ്സേ’ എന്ന മുദ്രാവാക്യങ്ങളോടെ പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു.

More Stories from this section

family-dental
witywide