
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതെന്ന കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. സ്വിച്ച് ഓഫ് ആയതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധനൊഴുക്ക് നിലച്ചു. റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ധനൊഴുക്ക് നിലച്ചതോടെ വിമാനത്തിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടു. റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേറ്റ് ചെയ്തിരുന്നതില്‍ നിന്നാണ് ഈ നിഗമനത്തിലേക്ക് എത്താന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ AI 171 വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈല്‍ ആക്ടിവേറ്റ് ചെയ്തിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. വിമാനത്തിന് ആവശ്യമായ ഉര്‍ജ്ജം നഷ്ടമാകുന്ന ഘട്ടത്തിലാണ് RAT ആക്ടിവേറ്റ് ചെയുന്നത്. വിമാനത്തിലെ സ്വിച്ചുകള്‍ ഇങ്ങനെ ഓഫ് ആയി എന്നതിലോ പൈലറ്റുമാര്‍ സ്വിച്ചുകള്‍ വീണ്ടും ഓണാക്കാന്‍ ശ്രമിച്ചോ എന്നതിലോ വ്യക്തതയില്ലെന്നും വിമാന അപകടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യുഎസ് വിദഗ്ധരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് പറയുന്നു.
അഹമ്മദാബാദ് വിമാന അപകടം അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും നിലവില്‍ വിമാനത്തിന്റെ ഇന്ധന സ്വിച്ച് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് പെട്ടന്ന് ത്രസ്റ്റ് നഷ്ടപ്പെടാന്‍ കാരണം എന്‍ജിനുകള്‍ പ്രവര്‍ത്തനരഹിതമായതാണ് എന്നാണ് വിലയിരുത്തല്‍. രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം ഇന്ധന സ്വിച്ചുമായി ബന്ധപ്പെട്ടതാണോ എന്നാണ് നിലവില്‍ പരിശോധിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ, ദി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് ജെറ്റിന്റെ പൈലറ്റുമാരുടെ പ്രവർത്തനങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുവരെ ബോയിംഗ് 787 ഡ്രീംലൈനറിന്റെ പ്രശ്‌നത്തിലേക്ക് വിരൽ ചൂണ്ടുന്നില്ല എന്ന് റിപ്പോർട്ടിനെതിരെ വിമർശനം ഉയരുന്നുണ്ട്. അതേസമയം, അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാൽ, ഇന്ധന സ്വിച്ചുകൾ സംബന്ധിച്ച വാൾസ്ട്രീറ്റ് ജേണൽ ലേഖനം ശ്രദ്ധയിൽപ്പെട്ടതിനാൽ അപകടത്തിൻ്റെ യഥാർത്ഥ കാരണവുമായി അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് ഇന്ന് പരസ്യമാക്കുമെന്ന് റിപ്പോർട്ടുകൾ. അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് പരസ്യമാകുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പ്രവർത്തനത്തിലേക്ക് അന്വേഷണം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സും തങ്ങളുടെ ഒരു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ട് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുമെന്ന് അപകട അന്വേഷണ ബ്യൂറോയിലെ (എഎഐബി) മുതിർന്ന ഉദ്യോഗസ്ഥർ പാർലമെന്ററി പാനലിനോട് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐയും ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അപകടം അന്വേഷിക്കുന്നവർ നിയമസഭാംഗങ്ങളുടെ യോഗത്തിൽ പറഞ്ഞിരുന്നു. ജൂലൈ 9 ന് വ്യോമയാനത്തെക്കുറിച്ചുള്ള പാർലമെന്ററി പാനൽ യോഗത്തിനിടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ബ്ലാക്ക് ബോക്‌സുകളിൽ നിന്ന് ഡാറ്റ വേർതിരിച്ചെടുക്കാൻ കഴിഞ്ഞുവെന്ന് ഉദ്യോഗസ്ഥർ നിയമസഭാംഗങ്ങളോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ ആഭ്യന്തരമായി ബ്ലാക്ക് ബോക്സ് ഡാറ്റ ഡീകോഡ് ചെയ്യുന്നത് ഇതാദ്യമാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.
അന്വേഷണത്തിന് എഎഐബി ഡയറക്ടർ ജനറലാണ് നേതൃത്വം നൽകുന്നത്, ഇന്ത്യൻ വ്യോമസേന, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), വിമാനം രൂപകൽപ്പന ചെയ്ത രാജ്യത്ത് നിന്നുള്ള നിയുക്ത അന്വേഷണ സ്ഥാപനമായ യുഎസ് ആസ്ഥാനമായുള്ള നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) എന്നിവയിലെ വിദഗ്ധർ , വ്യോമയാന വൈദ്യശാസ്ത്രം, എയർ ട്രാഫിക് കൺട്രോൾ വിദഗ്ധരും അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.