
കൊച്ചി : കേരള തീരത്തിനടുത്ത് തീപിടിച്ച കൊളംബോയില്‍നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ തീ ഇപ്പോഴും നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ രക്ഷപ്പെട്ട 18 നാവികരെ നാവികസേനയുടെ കപ്പലില്‍ മംഗളൂരുവിലെത്തിച്ചു. പരുക്കേറ്റ അഞ്ച് പേരെ എം.ജെ. ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കാണാതായ 4 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ കപ്പല്‍ മുങ്ങിയാല്‍ കടലില്‍ എണ്ണ ചോരാനും വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്.
കപ്പലിലെ തീ നിയന്ത്രണാതീതമായതും കണ്ടെയ്‌നറുകളിലെ അപകടകരമായ രാസവസ്തുക്കളും കടല്‍, തീര ആവാസ വ്യവസ്ഥയ്ക്കു വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കപ്പലിലെ നൂറ്റിനാല്‍പതിലേറെ കണ്ടെയ്‌നറുകളില്‍ ഗുരുതര പരിസ്ഥിതിമലിനീകരണ ഭീഷണിയുയര്‍ത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്നാണ് വിവരം.
ഏതാണ്ട് മൂന്നാഴ്ചകള്‍ക്കു മുന്‍പ് ആലപ്പുഴ തോട്ടപ്പള്ളിക്കു സമീപം എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ കടലില്‍ മുങ്ങിയിരുന്നു, ഇതിലെ അപകടകരമായ കണ്ടെയ്‌നറുകളും ഇന്ധനവും സുരക്ഷിതമായി നീക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരിക്കെയാണ് വീണ്ടും മറ്റൊരു കപ്പലപകടം ഉണ്ടായത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്.
എംഎസ്സി എല്‍സ 3യില്‍ അപകടകരമായ കുറച്ചു കണ്ടെയ്‌നറുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അപടകത്തിലായ വാന്‍ഹയിയിലെ ഭൂരിഭാഗം കണ്ടെയ്‌നറുകളും ഈ ഗണത്തില്‍ പെടുന്നവയാണെന്നാണു വിവരം. ഇതു കണ്ടെത്തിയാലേ ഈ രാസവസ്തുക്കള്‍ എത്രത്തോളം പരിസ്ഥിതിയെ ബാധിക്കുമെന്നു വിലയിരുത്താനാകൂ.
കപ്പല്‍ നിലവില്‍ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന. കപ്പല്‍ ഒഴുകി നടക്കുകയാണ്. കപ്പലിലെ കണ്ടെയ്നറുകള്‍ അടുത്ത 3 ദിവസത്തിനുള്ളില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.














