
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കാനഡയിലെത്തിയെങ്കിലും കാര്യങ്ങള്‍ ഒന്നും പ്രതീക്ഷിച്ച പോലെയായിരുന്നില്ല ഈ 28 കാരിക്ക്. കാനഡയിലേക്ക് മാറിയിട്ട് രണ്ടുവര്‍ഷമായെങ്കിലും ഇപ്പോള്‍ താന്‍ കടുത്ത നിരാശയിലാണെന്നും ഇവര്‍ സമൂഹമാധ്യമമായ റെഡ്ഇറ്റില്‍ എഴുതുകയായിരുന്നു.
മനസ്സമാധാനത്തിനും മെച്ചപ്പെട്ട ജോലി-ജീവിത സന്തുലിതാവസ്ഥയ്ക്കും വേണ്ടി ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് താമസം മാറിയതെന്നും എന്നാല്‍ കാനഡയില്‍ അപ്രതീക്ഷിതമായ പ്രതിസന്ധിയുണ്ടായെന്നും കരിയറില്‍ അതൃപ്തിയാണെന്നും പ്രൊഫഷണല്‍ വളര്‍ച്ചയില്ലെന്നും ഇവര്‍ പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ താന്‍ ഇഷ്ടപ്പെട്ട ഒരു നോണ്‍-ടെക് റോളില്‍ ജോലി ചെയ്യുകയും പ്രതിവര്‍ഷം 16 ലക്ഷം രൂപ സമ്പാദിക്കുകയും ചെയ്തിരുന്നതായും ഇവര്‍ പറയുന്നു. കാനഡയിലേക്ക് താമസം മാറിയ ഉടന്‍ തന്നെ കാനഡയില്‍ ഒരു ജോലി നേടി. കാനഡ വാഗ്ദാനം ചെയ്ത അവസരത്തിനും ജീവിതശൈലിക്കും നന്ദിയുള്ളവളാണെന്ന് ഈ പോസ്റ്റില്‍ അവര്‍ പറയുന്നു. എന്നാല്‍ താന്‍ സന്തോഷവതിയല്ലെന്നും സാമ്പത്തിക ആശങ്ക വര്‍ദ്ധിച്ചുവരികയാണെന്നും ഇവര്‍ പറയുന്നു.
നിലവില്‍ പ്രതിവര്‍ഷം 82,000 കനേഡിയന്‍ ഡോളര്‍ സമ്പാദിക്കുന്ന ഇവര്‍ കടുത്ത നിരാശയാണ് പ്രകടിപ്പിക്കുന്നത്. ഒരിക്കല്‍ സംതൃപ്തിദായകമെന്ന് തോന്നിയ കരിയര്‍ ഇപ്പോള്‍ തന്നെ നിരാശയാക്കുന്നുവെന്നും 28കാരി പങ്കുവയ്ക്കുന്നു. ഇവരോടൊപ്പം ഭര്‍ത്താവും കാനഡയിലുണ്ട്. ആനിമേഷന്‍ ജോലി ചെയ്തിരുന്നു ഭര്‍ത്താവിന് ഇപ്പോള്‍ ജോലിയില്ലെന്നും യുവതി പറയുന്നു. ഏക വരുമാനദാതാവ് താനാണെന്നും ഇന്ത്യയിലേക്ക് മടങ്ങിയാല്‍ ആനിമേഷന്‍ ജോലികള്‍ പോലും കുറവായതിനാല്‍ ഭര്‍ത്താവിന് തീരെ അവസരം ലഭിക്കില്ലെന്നും ഇവര്‍ ആശങ്കപ്പെടുന്നു.
‘കാനഡ ഇനി സാമ്പത്തികമായി ലാഭകരമല്ല’ എന്നാണ് സമൂഹമാധ്യമങ്ങളിലുള്ള പ്രതികരണങ്ങളിലേറെയും.
‘85,000 കനേഡിയന്‍ ഡോളര്‍ എന്നത് മോശം ശമ്പളമല്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. നിങ്ങളുടെ പങ്കാളിയെക്കുറിച്ച് കേട്ടതില്‍ സങ്കടമുണ്ട്, പക്ഷേ ഐടിയിലുള്പ്പെടെ വിവിധ ജോലികള്‍ വെട്ടിക്കുറയ്ക്കുന്നു. എഐയില്‍ വൈദഗ്ദ്ധ്യം നേടാന്‍ ശ്രമിക്കുക, കാനഡ ഇനി സാമ്പത്തികമായി ലാഭകരമല്ല, അടുത്ത 2-4 വര്‍ഷത്തേക്ക് തീരെ ആയിരിക്കില്ല. കഴിയുമെങ്കില്‍, നിങ്ങള്‍ തിരികെ പോകണം…” എന്നിങ്ങനെ നീളുന്നു യുവതിക്കുള്ള മറുപടികള്‍.
ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ട ഇടമാണ് യുഎസും കാനഡയും. എന്നാല്‍ നിലവില്‍ കാര്യങ്ങള്‍ അത്ര സുഗമമല്ല എന്നതാണ് യുവതിയുടെ തുറന്നുപറച്ചില്‍ സൂചിപ്പിക്കുന്നത്.