
ഡൽഹി: വഖഫ് നിയമത്തിൽ ദുരുപയോഗം നടന്നതു കൊണ്ടാണ് ഭേദഗതി കൊണ്ടു വന്നതെന്ന് സുപ്രീംകോടതിയിൽ വാദിച്ച് കേന്ദ്ര സർക്കാർ. സർക്കാർ – സ്വകാര്യ സ്വത്തുക്കൾ തട്ടിയെടുക്കാൻ വഖഫ് നിയമം ദുരുപയോഗം ചെയ്തുവെന്ന് നിരവധി പരാതികളുണ്ടെന്നും അതാണ് ഭേദഗതിയുടെ കാരണമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഭരണപരമായ നിയന്ത്രണങ്ങൾക്കാണ് ഭേദഗതിയെന്നും മതാചാരത്തിൽ ഇടപെടുന്നില്ലെന്നും സർക്കാർ വിശദീകരിച്ചിട്ടുണ്ട്. വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതി തള്ളണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
മുഗൾ ഭരണത്തിന് മുൻപും, സ്വാതന്ത്ര്യത്തിന് മുൻപും ശേഷവുമായി ഇന്ത്യയിൽ ആകെ 18,29,163.896 ഏക്കർ ഭൂമിയാണ് വഖഫ് സ്വത്തായി ഉണ്ടായിരുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ, സർക്കാർ സ്വത്തുക്കൾ കൈയേറാൻ മുൻകാല നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും സർക്കാർ വാദിച്ചു. ദീർഘകാല ഉപയോഗം കാരണം വഖഫ് ആയ സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ രേഖകൾ ആവശ്യമില്ലെന്നും ഇത് തട്ടിയെടുക്കുമെന്നത് കള്ളപ്രചാരണമാണെന്നും കേന്ദ്രം വ്യക്തമാക്കി.
വഖഫ് കൗൺസിലിൽ പരമാവധി നാലും ബോർഡുകളിൽ മൂന്നും അമുസ്ലീങ്ങളേ ഉണ്ടാകൂ എന്നും സർക്കാർ വിശദീകരിച്ചു. നിയമഭേദഗതി പൂർണ്ണമായോ ഭാഗികമായോ സ്റ്റേ ചെയ്യുന്നത് പാർലമെന്‍റിന്‍റെ അധികാരത്തിലുള്ള കൈകടത്തലാകുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. നിയമം സ്റ്റേ ചെയ്യണോ എന്നതിൽ മേയ് 5 ന് വാദം കേൾക്കാനിരിക്കെയാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.