വഖഫ് ഭേദഗതി ബില്ലിന് രാജ്യസഭയില്‍ അംഗീകാരം , ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം, വിയോജിപ്പ് കുറിപ്പുകളുടെ ചില ഭാഗങ്ങള്‍ നീക്കം ചെയ്തെന്ന് പ്രതിപക്ഷ എംപിമാര്‍

ന്യൂഡല്‍ഹി : 2024 ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനിടയില്‍ വ്യാഴാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അംഗീകരിക്കുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചു.

വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രാജ്യസഭാ എംപി മേധ കുല്‍ക്കര്‍ണി മേശപ്പുറത്ത് വച്ചപ്പോള്‍, വിയോജിപ്പ് കുറിപ്പുകളുടെ ചില ഭാഗങ്ങള്‍ നീക്കം ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം തുടങ്ങി. തുടര്‍ന്ന് എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. നടപടികള്‍ പുനരാരംഭിക്കുമ്പോള്‍ ധന്‍ഖര്‍ രാഷ്ട്രപതിയുടെ സന്ദേശം വായിക്കാന്‍ ശ്രമിച്ചതോടെ ബഹളം തുടരുകയായിരുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ഒടുവില്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

അതേസമയം, ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോര്‍ട്ടിനെച്ചൊല്ലി എന്‍ഡിഎ, പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉണ്ടായത്. പ്രതിഷേധിക്കുന്ന എംപിമാരെ തണുപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിയോജിപ്പ് കുറിപ്പുകള്‍ ചേര്‍ക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച കേന്ദ്രമന്ത്രിയും ബിജെപി പ്രസിഡന്റുമായ ജെ പി നദ്ദ, ‘ചിലര്‍ ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ പോരാടാന്‍ ശ്രമിക്കുന്നു’ എന്ന് പറഞ്ഞു – കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശത്തെ ആയുധമാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മുമ്പ്, കോണ്‍ഗ്രസ് ബിജെപിക്കും ആര്‍എസ്എസിനും എതിരെ മാത്രമല്ല, ‘ഇന്ത്യന്‍ ഭരണകൂടത്തിനും’ എതിരെ പോരാടുകയാണെന്ന് ഗാന്ധി പറഞ്ഞിരുന്നു.

മുസ്ലീം സമൂഹം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി സംഭാവന ചെയ്യുന്ന സ്വത്തുക്കള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വഖഫ് ബോര്‍ഡുകളുടെ ഭരണത്തില്‍ പൂര്‍ണ്ണമായ അഴിച്ചുപണി നിയമനിര്‍മ്മാണം നിര്‍ദ്ദേശിക്കുന്നു. ബില്ലിലെ പ്രധാന വ്യവസ്ഥകളില്‍ ഒന്ന് സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ കുറഞ്ഞത് രണ്ട് അമുസ്ലീം അംഗങ്ങളെ ഉള്‍പ്പെടുത്തുക, ഒരു സ്വത്ത് വഖഫ് സ്വത്താണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മധ്യസ്ഥനാക്കുക എന്നിവയാണ്.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ജനുവരി 30 ന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) അന്തിമ റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിച്ചു. ജനുവരി 29 ന് ഭേദഗതി ചെയ്ത ബില്‍ പാനല്‍ അംഗീകരിച്ചു. ഭരണകക്ഷിയായ എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച 14 ഭേദഗതികള്‍ അംഗീകരിച്ചപ്പോള്‍, പ്രതിപക്ഷ എംപിമാര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ നിരസിക്കപ്പെട്ടുവെന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

Also Read

More Stories from this section

family-dental
witywide