മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടിയിലേക്ക്, 136ലേക്കെത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തും

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 135 അടിയാണ് അണക്കെട്ടില്‍ ജലനിരപ്പ്. ഇത് 136 ലേക്കെത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.

ജലനിരപ്പ് 136 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യത ഉണ്ടെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.

അതേസമയം, സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ട്.എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നു യെലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നാളെയും യെലോ അലര്‍ട്ട് തുടരും. ഇന്നും നാളെയും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാം.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

More Stories from this section

family-dental
witywide