
തിരുവനന്തപുരം: ജലനിരപ്പ് 136 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ 10 മണിക്ക് തുറക്കുമെന്ന് തമിഴ്നാട്. പരമാവധി 1000 ഘനയടി വെള്ളം തുറന്നു വിടുന്ന തരത്തിൽ മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടർ ഉയർത്തുമെന്നാണ് അറിയിപ്പ്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഈ സാഹചര്യത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്.
ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്
സൗരാഷ്ട്ര – കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു.
തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തീരദേശ ബംഗ്ലാദേശ് പശ്ചിമ ബംഗാളിനും മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം മഴക്ക് സാധ്യത. ജൂൺ 29 ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












