
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിയുന്ന ടൗൺഷിപ്പിന് വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ദുരന്തമുണ്ടായി എട്ടുമാസത്തിനിപ്പുറം മലയാളിയുടെ സാഹോദര്യത്തിന്റെ നേർസാക്ഷ്യവുമായി മറ്റൊരു അതിജീവനഗാഥയാണ് കല്പറ്റ എൽസ്റ്റണിൽ ഉയരുന്നത്.
കല്പറ്റ ബൈപ്പാസിനോട് ചേർന്നുള്ള 64 ഹെക്ടർഭൂമിയിലാണ് ടൗൺഷിപ്പ് . ഏഴുസെന്റ് വീതമുള്ള പ്ലോട്ടുകളിലായി ആയിരം ചതുരശ്രയടി വിസ്തീർണത്തിലായിരിക്കും വീടുകൾ. ഒരുനിലയായി പണിയുന്ന വീടുകളിൽ ഭാവിയിൽ രണ്ടുനില പണിയാനുള്ള ബലത്തിൽ അടിത്തറയൊരുക്കും.
ആരോഗ്യകേന്ദ്രം, ആധുനിക അങ്കണവാടി, പൊതുചന്ത, കമ്യൂണിറ്റി സെന്റർ എന്നിവയും ഒരുക്കും. എൽസ്റ്റൺ എസ്റ്റേറ്റിലെ ടീ ഫാക്ടറി പുതുക്കി പുനരുപയോഗിച്ചാണ് കമ്യൂണിറ്റി സെൻററാക്കുക. ടൗൺഷിപ്പിൽ വീടിന് താത്പര്യപ്പെടാത്ത ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപ ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് സാമ്പത്തികസഹായം ലഭിക്കുക.
പ്രായപൂർത്തിയാകാത്ത കുട്ടികളാണെങ്കിൽ പ്രായപൂർത്തിയായശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും.
Wayanad landslide rehabilitation victims’ rehabilitation township foundation stone