‘ഇത് ഞങ്ങളുടെ വിഷയമല്ല, ഇന്ത്യയോടും പാക്കിസ്ഥാനോടും ആയുധം താഴെവയ്ക്കാന്‍ പറയാനാവില്ല’: ജെഡി വാന്‍സ്

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ‘അടിസ്ഥാനപരമായി തങ്ങളുടെ കാര്യമല്ല’ എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. ഇരു രാജ്യങ്ങളെയും സംഘര്‍ഷം അല്‍പ്പം കുറയ്ക്കാനും വാന്‍സ് ആവശ്യപ്പെട്ടു.

‘നമുക്ക് ചെയ്യാന്‍ കഴിയുന്നത്, ഈ ആളുകളെ സംഘര്‍ഷം അല്‍പ്പം കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ്, പക്ഷേ അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ലാത്തതും അമേരിക്കയുടെ നിയന്ത്രണ ശേഷിയുമായി യാതൊരു ബന്ധവുമില്ലാത്തതുമായ യുദ്ധത്തില്‍ ഞങ്ങള്‍ ഇടപെടാന്‍ പോകുന്നില്ല. നിങ്ങള്‍ക്കറിയാമോ, ഇന്ത്യക്കാരോട് ആയുധം താഴെയിടാന്‍ അമേരിക്കയ്ക്ക് പറയാനാവില്ല. പാകിസ്ഥാനികളോടും ആയുധം താഴെയിടാന്‍ ഞങ്ങള്‍ക്ക് പറയാനാവില്ല. അതിനാല്‍, നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഞങ്ങള്‍ ശ്രമം തുടരും,’- വാന്‍സ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇത് ഒരു വിശാലമായ പ്രാദേശിക യുദ്ധത്തിലേക്കോ, ഒരു ആണവ സംഘര്‍ഷത്തിലേക്കോ നീങ്ങരുത് എന്നതാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അത് ദൈവം വിലക്കട്ടെയന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

ജമ്മു, പത്താന്‍കോട്ട്, ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് വാന്‍സിന്റെ പ്രസ്താവന വന്നത്. ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാനെ അനുവദിക്കാതെ കര-വ്യോമ-നാവിക സേനകള്‍ ചെറുത്തുനില്‍പ്പ് തുടരുകയും പ്രധാന പാക് നഗരങ്ങളില്‍ ആക്രമണം അഴിച്ചുവിട്ട് പാക്കിസ്ഥാനെ വിറപ്പിക്കുകയും ചെയ്തിട്ടുണ്ട്.