
ന്യൂഡല്‍ഹി : നിമിഷപ്രിയയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹദി. വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുല്‍ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട് പറഞ്ഞു.
”ഇപ്പോള്‍ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പിലാക്കണം. ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. ക്രൂരമായ കൊലപാതകം മാത്രമല്ല, ഈ കേസ് ഇത്രയും നീണ്ടുപോയതു വിഷമമുണ്ടാക്കി” അബ്ദുല്‍ ഫത്താഹ് മെഹദി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സഹോദരന്റെ പ്രതികരണം പുറത്തുവന്നത്.
കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണെന്നും എന്തൊക്കെ കാരണത്തിന്റെ പേരിലായാലും ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാകില്ലെന്നും കൊലപാതകം മാത്രമല്ല, മൃതദേഹം കഷ്ണങ്ങളാക്കി മറവു ചെയ്യുകയും ചെയ്തുവെന്നും സഹോദരന്‍ കുറ്റപ്പെടുത്തി.