
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വത്വത്തെ മതപരമായി വിഭജിക്കാനോ നിര്‍വചിക്കാനോ തീവ്രവാദികളെ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമചന്ദ്രന്റെ കുടുംബത്തിന്റെ ശാന്തതയെയും സഹിഷ്ണുതയെയും തരൂര്‍ പ്രശംസിച്ചു. ‘കുടുംബം വളരെ മാന്യതയോടുകൂടി പെരുമാറിയതിനാല്‍ ഇത് അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും വേണം. നമ്മള്‍ ആരായിരിക്കണമെന്ന് തീവ്രവാദികള്‍ തീരുമാനിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യ മുഴുവന്‍ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം അവര്‍ ചെയ്തു. മതത്തിന്റെ പേരില്‍ നമ്മെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദികള്‍ നമ്മെ വിഭജിക്കുന്നതില്‍ വിജയിക്കാന്‍ നമുക്ക് അനുവദിക്കാനാവില്ല,’ -എഎന്‍ഐയോട് സംസാരിക്കവെ തരൂര്‍ പറഞ്ഞു.