കോഴിക്കോടിനെ ഞെട്ടിച്ച് വിവാഹ സംഘത്തിന്‍റെ ബസിന് നേരെ ആക്രമണം, പടക്കമേറ്; ആട് സമീറടക്കം 3 കുപ്രസിദ്ധ ഗുണ്ടകൾ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയില്‍ കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ഗുണ്ടാ ആക്രമണം. ബസ്സ് അടിച്ചു തകര്‍ത്ത കുപ്രസിദ്ധ ഗുണ്ടകളായ ആട് സമീര്‍, കൊളവയല്‍ അസീസ്, അജ്മല്‍ എന്നിവര്‍ അറസ്റ്റിലായി. ഇവരില്‍നിന്ന് വടിവാളും ബോംബും കണ്ടെടുത്തു. തിരിക്കാനായി പെട്രോള്‍ പമ്പില്‍ കയറിയ ബസ്സ് റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഉണ്ടായ റോഡ് ബ്ലോക്കാണ് ഗുണ്ടാസംഘത്തെ പ്രകോപിപ്പിച്ചത്. ബസ്സ് കാറില്‍ ഉരസിയെന്ന് ആരോപിച്ച് ബഹളം വച്ച സംഘം ബസ്സ് ജീവനക്കാരനെ റോഡിലിട്ടു മര്‍ദ്ദിച്ചു. സംഭവം കണ്ടുനിന്ന ജനങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനാണ് പെട്രോള്‍ പമ്പിലേക്ക് കയറ്റിയത്. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ട ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ബസിന്റെ മുന്‍വശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകര്‍ക്കുകയും പന്നിപ്പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പോലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപത്തു നിന്ന് മാറ്റി. ഷമീറിനെയും സംഘത്തെയും കൊടുവള്ളി പോലീസ് പിന്തുടർന്ന് പിടികൂടി. ഇവരില്‍ നിന്ന് ഒരു വടിവാളും ബോബും കണ്ടെടുത്തു.

More Stories from this section

family-dental
witywide