
ടെക്സസ്: വനിതകൾ മാത്രമൊയൊരു ബഹിരാകാശ വിനോദ സഞ്ചാര യാത്ര വിജയകരമായി പൂർത്തിയാക്കി ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍റെ എൻ എസ് 31 ദൗത്യം. വനിതകൾ മാത്രം സംഘാഗങ്ങളായ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കാനായത് അഭിമാനകരമായ നേട്ടമായി. ബ്ലൂ ഓർജിന്റെ എൻഎസ് 31 ആണ് ചരിത്രമെഴുതിയത്. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ കമ്പനിയുടെ ബഹിരാകാശ പേടകത്തിലാണ് ആറംഗ വനിതാ സംഘം ബഹിരാകാശദൗത്യം നടത്തിയത്.
കർമാൻ രേഖയിലൂടെ സഞ്ചരിച്ച ക്രൂ ക്യാപസൂൾ ഭൂമിയിൽ തിരിച്ചെത്തി. 10 മിനിട്ട് ബഹിരാകാശത്ത് സഞ്ചരിച്ച ശേഷമാണ് സംഘം തിരിച്ചെത്തിയത്. ആറ് വനിതകളാണ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്ര നടത്തിയത്. പോപ് ഗായിക ക്യേറ്റി പെറി, അമേരിക്കൻ പത്രപ്രവർത്തക ഗെയിൽ കിംഗ്, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവർത്തക അമാൻഡ ന്യൂയെൻ, ചലച്ചിത്ര നിർമാതാവ് കരിൻ ഫ്ലിൻ, മാധ്യമ പ്രവർത്തകയുമായ ലോറൻ സാഞ്ചസ് എന്നിവരാണ് പുതുചരിത്രം കുറിച്ചത്. ന്യൂ ഷെപ്പേഡ് റോക്കറ്റിന്‍റെ സഹായത്തോടെ ഉപരിതലത്തിൽ നിന്ന് 105 കിലോമീറ്റർ ഉയരെ വരെ പോയി അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച് ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങുകയായിരുന്നു.