
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വാർത്തയായിരുന്നു ക്ഷേമ പെൻഷൻ തട്ടിപ്പ്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ കേസിൽ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. 31 ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സസ്‌പെൻഡ് ചെയ്തു. ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുമരാമത്ത് വകുപ്പിലെ 47 ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ധനകാര്യ വകുപ്പ് കണ്ടെത്തിയിരുന്നു.
ഇതിൽ 15 പേർ മറ്റ് വകുപ്പുകളിലേക്ക് മാറിയിട്ടുണ്ടെന്നും ഒരാൾ വിരമിച്ചെന്നും കണ്ടെത്തിയതിനാലാണ് ശേഷിക്കുന്ന 31 പേർക്കെതിരെ നടപടിയെടുത്തത്. ഇവരിൽ നിന്ന് 18 ശതമാനം പലിശയോടെ അവർ കൈക്കലാക്കിയ പണം തിരിച്ചുപിടിക്കാനുള്ള തീരുമാനവും ധനവകുപ്പ് ഉത്തരവിട്ടിരുന്നു. അതും നടപ്പിലാക്കിയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാവരോടും വിശദീകരണവും ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഗസറ്റഡ് ഉദ്യോഗസ്ഥർ മുതൽ കോളേജ് അധ്യാപകർ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്നത്. ധനവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇങ്ങനെ ഒരു മാസം 23 ലക്ഷത്തോളം രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് നഷ്ടമായിരുന്നത്. ഒരുവർഷം രണ്ടേമുക്കാൽ കോടി രൂപയും. പെൻഷൻ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്‌ട്‌വെയറിലെയും സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാർക്ക് സോഫ്‌ട്‌വെയറിലെയും ആധാർ നമ്പരുകൾ ഒരുപോലെ വന്നതാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയായത്.