
ന്യൂഡല്‍ഹി : പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറില്‍ ഒളിവിലുണ്ടെന്ന് സൂചന. ഭീകരരുടെ ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചില്‍ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാന്‍ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളില്‍ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
അതോടൊപ്പം, മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോണ്‍ പരിശോധന രാത്രിയില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരര്‍ വനത്തിനുള്ളിലെ ബംഗറില്‍ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം കരുതിയിട്ടുണ്ടാകാം എന്നും സംശയമുണ്ട്.
അതേസമയം, പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി തടഞ്ഞും പാക് കപ്പലുകളെ വിലക്കിയും ഇന്ത്യ നടപടി കടുപ്പിച്ചിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.












