‘ഡെവിൾ വിൻഡ്സ്’ ഭയത്തിൽ അമേരിക്ക, സാന്റ അന കാറ്റ് ശക്തിയാർജിക്കുന്നു, 120 കിമി വരെ വേഗത! കാലിഫോർണിയ കാട്ടുതീ ഇനിയെന്താകുമെന്ന് ആശങ്ക

വാഷിങ്ടൺ: അമേരിക്കയെ സംബന്ധിച്ചടുത്തോളം കുപ്രസിദ്ധമായ സാന്റ അന കാറ്റ് എന്നും ഭയപ്പെടുത്തുന്നതാണ്. ലോസ് ഏഞ്ചൽസിൽ വിനാശകരമായ കാട്ടുതീ പടർന്നു പിടിച്ചതിന്റെ പ്രധാന കാരണവും ‘ഡെവിൾ വിൻഡ്സ്’ എന്ന് വിളിക്കപ്പെടുന്ന സാന്റ അന കാറ്റ് തന്നെയാണ്. കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിക്കുകയും വ്യാപകമായ നാശത്തിന് കാരണമാവുകയും ചെയ്തതിന് പിന്നിൽ ‘ഡെവിൾ വിൻഡ്സ്’ വലിയ പങ്കാണ് വഹിച്ചത്.

അമേരിക്കയെ നടുക്കിയ ലോസ് ആഞ്ചലസ് തീപിടിത്തം 6 ദിവസമായിട്ടും നിയന്ത്രിക്കാനായിട്ടില്ല. സാന്റ അന കാറ്റിന്റെ ശക്തി കൂടുന്നത് ആശങ്ക വർധിക്കുന്നു. തീ പിടിത്തത്തിന് ആക്കം കൂട്ടുന്ന സാന്റ അന കാറ്റിന് വേഗത കൂടിക്കൊണ്ടിരിക്കുന്നതാണ് തീയണക്കാനുള്ള ശ്രമങ്ങൾക്ക് പ്രധാന വെല്ലുവിളി. ഇന്നു മുതൽ മുന്ന് ദിവസംകൂടി കാറ്റ് ശക്തിപ്പെടുമെന്ന മുന്നറിയിപ്പുണ്ട്. 120 കിലോമീറ്റർ വരെ വേഗതയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ് ബെന്റ്വുഡ് വെസ്റ്റ്വുഡ് എൻസിനോ തുടങ്ങി കൂടുതൽ പ്രദേശങ്ങളെ തീ വിഴുങ്ങാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് അമേരിക്ക.

ലോസ് ആഞ്ചലസിൽ മാത്രം മൂന്നിടങ്ങളിലായി ഇപ്പോഴും ആളിപ്പടരുന്ന തീ 13 ദശലക്ഷം മനുഷ്യരെയാണ് ബാധിച്ചത്. 92000 പേരെ മാറ്റിത്താമസിപ്പിച്ചു. 89000 പേർ ഏത് നിമിഷവും മാറിത്താമസിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ്. ആഡംബര വീടുകളുൾപ്പെടെ 12300 കെട്ടിടങ്ങൾ കത്തിയമർന്നു. തീ ഏറ്റവുമധികം ബാധിച്ച പാലിസേയ്ഡ്സിൽ മാത്രം 23713 ഏക്കർ പ്രദേശങ്ങളാണ് കത്തിത്തീർന്നത്. 14 % തീ മാത്രമാണ് ഇവിടെ നിയന്ത്രണ വിധേയമാക്കാനായത്. 14117 ഏക്കർ കത്തിത്തീർന്ന ഏയ്റ്റണിൽ 33 % തീ നിയന്ത്രിക്കാനായി. 799 ഏക്കർ പ്രദേശം കത്തിനശിച്ച ഹർസ്റ്റിൽ 97 % തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാൽ സാന്റ അന ശക്തിയാർജ്ജിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണ് ഏവരും.

More Stories from this section

family-dental
witywide