
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതിന് നിമിഷങ്ങള്‍ക്കകം പ്രതികരണവുമായി ചൈന. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയോട് ചൈന പാക്കിസ്ഥാനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞു.
‘പാകിസ്ഥാന്റെ പരമാധികാരം, പ്രദേശിക സമഗ്രത, ദേശീയ സ്വാതന്ത്ര്യം’ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ചൈന പാക്കിസ്ഥാനൊപ്പം നില്‍ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനോട് ടെലിഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംഭാഷണത്തിന് തൊട്ടുപിന്നാലെ, പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് ഇത് സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം, ചൈനീസ് വിദേശകാര്യ മന്ത്രി ‘പാകിസ്ഥാന്റെ സംയമനം അംഗീകരിക്കുകയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ അതിന്റെ ഉത്തരവാദിത്തപരമായ സമീപനത്തെ അഭിനന്ദിക്കുകയും ചെയ്തതായും’ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യയുമായുള്ള സംഘര്‍ഷത്തിലേര്‍പ്പെട്ട പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയേയും പാക് വിദേശകാര്യ മന്ത്രി നിലവിലെ സ്ഥിതിഗതികള്‍ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.