
ദുബായ് : യുഎഇയില്‍ താമസിക്കുന്ന നിങ്ങള്‍ ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ വിസിറ്റ് വിസയില്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ പദ്ധതിയിടുകയാണെങ്കില്‍ ഈ മാറ്റം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. കാരണം ഇപ്പോഴിത് നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചിരിക്കുകയാണ്.
സുതാര്യത മെച്ചപ്പെടുത്തുന്നതിനും കഴിവുള്ള വ്യക്തികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി ഐസിപി അവതരിപ്പിച്ച നിരവധി മാറ്റങ്ങളുടെ ഭാഗമാണ് ശമ്പള പരിധിവെച്ചുള്ള പുതിയ നീക്കം. പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഭേദഗതികള്‍ പുറപ്പെടുവിച്ചതെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു.
4,000 ദിര്‍ഹം മുതല്‍ 15,000 ദിര്‍ഹം വരെ സമ്പാദിക്കുന്ന യുഎഇ നിവാസികള്‍ക്ക് വിസ അപേക്ഷകനുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി വിസിറ്റ് വിസ സ്‌പോണ്‍സര്‍ ചെയ്യാം. വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍, അവര്‍ സ്‌പോണ്‍സറുമായുള്ള ബന്ധത്തിന്റെ തെളിവ് നല്‍കേണ്ടതുണ്ട്. മാതാപിതാക്കള്‍, പങ്കാളി, കുട്ടികള്‍ എന്നിങ്ങനെ ഏറ്റവും അടുത്ത ബന്ധുക്കളെ കൊണ്ടുവരണമെങ്കില്‍ സ്‌പോണ്‍സര്‍ പ്രതിമാസം 4,000 ദിര്‍ഹം സമ്പാദിക്കണം. സഹോദരങ്ങള്‍, സ്വന്തം പേരക്കുട്ടികള്‍, മുത്തച്ഛന്‍, മുത്തശ്ശി എന്നിവരെയാണ് കൊണ്ടു വരുന്നതെങ്കില്‍ 8000 ദിര്‍ഹമാണ് ശമ്പളം ഉണ്ടായിരിക്കേണ്ടത്. അമ്മാവന്‍ , ആന്റി, കസിന്‍ എന്നിവര്‍ക്കും ഇതേ ശമ്പള പരിധിയാണ്. സുഹൃത്തുക്കളെ വിസിറ്റ് വിസയില്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 15,000 ദിര്‍ഹം മാസ ശമ്പളം ഉണ്ടായിരിക്കണം.
മടക്ക ടിക്കറ്റ്, 6 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് എന്നിവയും നിര്‍ബന്ധമാണ്.
ശമ്പള മാനദണ്ഡം നേരത്തെ പ്രഖ്യാപിച്ചതാണ് യുഎഇ. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയാണ് നിലവില്‍ വന്നിരിക്കുകയാണ്.














