
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണിയായി മത്സരിക്കാൻ പി.വി. അൻവർ. തൃണമൂൽ കോൺഗ്രസ് ഈ മുന്നണിയെ പിന്തുണക്കും. മൂന്നാം മുന്നണി രൂപീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. കാർഷികം, തൊഴിൽ, വ്യാപാരം, സാമൂഹിക-സാംസ്കാരിക മേഖലയിൽ നിന്നുള്ള സംഘടനകൾ തനിക്ക് പിന്തുണ അറിയിച്ചതായി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുകയാണെന്ന് അൻവർ ആരോപിച്ചു. ഇവരുടെ നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റേയും തെളിവുകൾ എന്റെ കൈയിലുണ്ട്. വേണ്ടിവന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടിവി വെച്ച് അതൊക്കെ കാണിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. തന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന വി.ഡി. സതീശൻ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടൻ ഷൌക്കത്ത് ആയാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽനിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും.
ഇതൊരു വാണിങ് ആയി പറയുകയാണ്. മന്ത്രി മുഹമ്മദ് റിയാസിനെതിരേയും അൻവർ ആരോപണം ഉന്നയിച്ചു. നവകേരളസദസിന്റെ പേരിൽ കോൺട്രാക്ടർമാരിൽനിന്ന് കോടിക്കണക്കിന് രൂപ റിയാസ് ഭീഷണിപ്പെടുത്തി പിരിച്ചുവെന്ന് അൻവർ ആരോപിച്ചു.
കരാറുകാരെ ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അൻവർ പറഞ്ഞു. തന്നെ വഞ്ചകനെന്ന് വിളിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറയുമെന്ന് അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കറിവേപ്പില പരാമർശത്തിനും അദ്ദേഹം മറുപടി പറഞ്ഞു. തന്നെ യുഡിഎഫ് കറിവേപ്പിലയാക്കുമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ ആര് വിവരം നൽകിയെന്ന് അദ്ദേഹം ചോദിച്ചു.
തന്നെ മുന്നണിയിൽ എടുത്താൽ പറവൂരിൽ തോൽപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വി.ഡി. സതീശനെ ദൂതൻ അറിയിച്ചു. അതുകൊണ്ടാണ് തന്നെ മുന്നണിയിൽ എടുക്കാത്തതെന്നും അൻവർ കൂട്ടിച്ചേർത്തു.
What LDF-UDF leaders have concocted will be shown on TV at Nilambur says Anvar