
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായ കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ രാജ്യത്ത് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി ക്ലീമിസ് കത്തോലിക്കാ ബാവ രംഗത്തെത്തി. “ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്? അവരുടെ ഹൃദയങ്ങൾക്ക് വെളിച്ചം കൊടുക്കേണമേ” എന്ന് പ്രാർത്ഥനയോടെ അദ്ദേഹം പ്രതികരിച്ചു. രാജ്യത്തും ലോകത്തും ഇത്തരം പ്രതികൂല സാഹചര്യങ്ങൾ വർധിക്കുന്നുണ്ടെന്നും, ക്രിസ്മസിന്റെ പ്രത്യാശയുടെയും സന്തോഷത്തിന്റെയും സന്ദേശത്തെ തകർക്കാൻ ശ്രമിക്കുന്നവരുണ്ടെന്നും ബാവ ചൂണ്ടിക്കാട്ടി. ഭയമില്ലാതെ സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കാമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
യേശുവിന്റെ നാമം ഭൂമിയിൽ നിന്ന് എടുത്തുമാറ്റാൻ ദൈവത്തിനല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് ബാവ ഊന്നിപ്പറഞ്ഞു. ജീവനെടുക്കാനും മർദ്ദിക്കാനും ഭയപ്പെടുത്താനും ചിലർ ശ്രമിക്കുമെങ്കിലും, ചേർത്തുനിർത്താനും ധൈര്യപ്പെടുത്താനും നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസിന്റെ പൊലിമ കളയാൻ മറ്റ് ആഘോഷങ്ങൾ പ്രഖ്യാപിക്കുന്നവരുണ്ടെങ്കിലും, ക്രിസ്മസ് പ്രത്യാശയുടെയും സ്നേഹത്തിന്റെയും പെരുന്നാളായി തുടരുമെന്ന് ബാവ വ്യക്തമാക്കി.
ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കാമെന്നും, ദൈവഭയത്തോടും നന്മയോടും കൂടി ജനങ്ങളെ നയിക്കാൻ ദൈവം അവർക്ക് കൃപ നൽകണമെന്നും ക്ലീമിസ് കത്തോലിക്കാ ബാവ പ്രാർത്ഥനയോടെ അഭ്യർത്ഥിച്ചു. കരോൾ സംഘങ്ങളെ ആക്രമിക്കുന്നവരോട് വെറുപ്പിനു പകരം പ്രാർത്ഥനയും ക്ഷമയും നൽകണമെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. ക്രിസ്മസിന്റെ യഥാർത്ഥ സന്ദേശം സ്നേഹവും സമാധാനവും ചേർത്തുനിർത്തലുമാണെന്ന് ബാവ ഓർമ്മിപ്പിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും. എട്ടരമണിക്കുള്ള പ്രാർത്ഥന ചടങ്ങ് നടക്കുന്ന സമയത്താണ് മോദി പള്ളിയിൽ എത്തുക. സിഎൻഐ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലാണ് മോദി എത്തുക. ബി ജെ പി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടാകുമെന്നാണ് അറിയിപ്പ്. ബിജെപി ദേശീയ അധ്യക്ഷനും നാളെ ക്രൈസ്തവർക്കൊപ്പം ആഘോഷ പരിപാടിയില് പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് ദില്ലിയിലെ ന്യൂദില്ലി ചാപ്ലിനില് ക്രിസ്ത്യന് ഹയർ സെക്കന്ഡറി സ്കൂളിലാണ് പരിപാടി.
അതിനിടെ ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വാർത്താസമ്മേളനത്തിലാണ് സംഘപരിവാറിനെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തിയത്. ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുകയാണ്. ഇത് നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. എല്ലാറ്റിനും പിന്നിൽ സംഘ പരിവാർ ശക്തികളാണ്. യുപി സർക്കാർ ക്രിസ്മസ് അവധി റദ്ദാക്കി. ഇതിൽ നിന്ന് കേരളം വിട്ട് നിൽക്കുമെന്നായിരുന്നു ബോധ്യം. ആ ബോധ്യം ഇല്ലാതാക്കി. തപാൽ ഓഫീസിൽ ഗണഗീതം പാടണമെന്ന് ബിഎംഎല് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.














