
പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യനും ജീവജാലങ്ങള്‍ക്കും ഈ ഭൂമിക്കുതന്നെയും എപ്പോഴും വെല്ലുവിളിയാണ്. അതില്‍ ഏറ്റവും മാരകമായ ഒന്നാണ് പ്രളയം. കുറച്ചധികം നാളുകളായി നമുക്ക് പരിചിതമായ ഒന്നാണ് മിന്നല്‍ പ്രളയം. അമേരിക്കയിലെ ടെക്‌സസിനെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട മിന്നല്‍ പ്രളയം ഇതുവരെ കവര്‍ന്നത് നൂറിലേറെ ജീവനുകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലും നമ്മുടെ കേരളത്തില്‍ വരെയും മിന്നല്‍ പ്രളയങ്ങള്‍ നാശം വിതച്ചിട്ടുണ്ട്.

എന്താണീ മിന്നല്‍ പ്രളയം. ആറോ അതില്‍ കുറവോ മണിക്കൂറിനുള്ളില്‍ കനത്ത മഴയോ മറ്റ് വെള്ളവുമായി ബന്ധപ്പെട്ട കാരണങ്ങളാലോ ആരംഭിക്കുന്ന ഒന്നാണ് മിന്നല്‍ പ്രളയം. കനത്ത മഴ, മഴയുടെ ദൈര്‍ഘ്യം ഇവയാണ് മിന്നല്‍ പ്രളയത്തെ നിര്‍ണയിക്കുന്നത്.
വളരെ വേഗത്തില്‍ ആരംഭിക്കുന്നതുകൊണ്ടുതന്നെയാണ് ഫ്‌ലാഷ് ഫ്‌ളഡ് അല്ലെങ്കില്‍ മിന്നല്‍ പ്രളയം എന്നു പറയുന്നത്. മറ്റ് വെള്ളപ്പൊക്കങ്ങളെ അപേക്ഷിച്ച് ഇത് കൂടുതല്‍ അപകടകാരിയാണ്. മറ്റ് തരത്തിലുള്ള വെള്ളപ്പൊക്കം സാവധാനത്തിലാകും എത്തുക. ദിവസങ്ങളോ ആഴ്ചകളോ എടുത്ത് ഉണ്ടാകുന്നതുമാകാം. എന്നാല്‍ മിന്നല്‍ പ്രളയത്തിന് രൂപമെടുക്കാന്‍ മണിക്കൂറുകള്‍ മതി.

മിന്നല്‍ പ്രളയത്തില്‍ ജലത്തിന് വേഗത്തില്‍ നീങ്ങാന്‍ കഴിയും. ആളുകള്‍ക്കും സ്വത്തിനും വലിയ അപകടമുണ്ടാക്കുന്നത് ഈ വേഗത്തില്‍ നീങ്ങുന്ന ജലപ്രവാഹങ്ങളാണ്. ചലിക്കുന്ന വെള്ളത്തിന് വളരെയധികം ശക്തിയുണ്ട്. മിന്നല്‍ പ്രളയത്തില്‍ ജലത്തിന് സെക്കന്‍ഡില്‍ 9 അടി വേഗതയില്‍ എളുപ്പത്തില്‍ നീങ്ങാന്‍ കഴിയും. കൂടാതെ ആ ഒഴുക്ക് 100 പൗണ്ട് ഭാരമുള്ള ഒരു പാറയെ നീക്കാന്‍ വരെ പര്യാപ്തമാണ്. മരങ്ങള്‍ നിലത്തുനിന്ന് പിഴുതുനീക്കാനും, കെട്ടിടങ്ങളും പാലങ്ങളും നശിപ്പിക്കാനും, കടന്നുപോകുന്നവഴിയിലുള്ളമിക്കതിനേയും തുടച്ചുനീക്കാനുമാകും.

ഒരാളെ മറിഞ്ഞുവീഴ്ത്താനോ, സഞ്ചരിക്കുന്ന ഒരു കാര്‍ നിര്‍ത്താനോ ആറ് ഇഞ്ച് വേഗത്തില്‍ ഒഴുകുന്ന വെള്ളപ്പൊക്കം മാത്രമേ ആവശ്യമുള്ളൂ. പന്ത്രണ്ട് ഇഞ്ചിലുള്ള ഒഴുകുന്ന വെള്ളത്തില്‍ ഒരു വാഹനം ഒഴുകിപ്പോവുകയും ചെയ്യും. നദീതടങ്ങളിലൂടെയോ, നഗര തെരുവുകളിലൂടെയോ, മലയിടുക്കുകളിലൂടെയോ ഒഴുകി നീങ്ങുന്ന, അവയുടെ പാതകളിലെ എല്ലാം തുടച്ചുനീക്കുന്ന ശക്തമായ പ്രവാഹങ്ങളാണ് ഇത്തരത്തിലുള്ള വെള്ളപ്പൊക്കത്തിന്റെ സവിശേഷത. 30 അടി ഉയരത്തില്‍ വരെ എത്തുമെന്നതിനാല്‍, മിന്നല്‍ പ്രളയത്തിന്റെ തീവ്രത എടുത്തുപറയേണ്ടതില്ലല്ലോ.

കനത്ത മഴ, അണക്കെട്ടുകള്‍ തകരുന്നത്, കരകവിഞ്ഞൊഴുകുന്ന നദികള്‍, സുനാമി, സസ്യജാലങ്ങളുടെ അഭാവം, മഞ്ഞും ഐസും ഉരുകുന്ന എന്നിവയൊക്കെ പ്രളയത്തിന് കാരണമാകും. പ്രത്യേകിച്ച് മുന്നറിയിപ്പുകള്‍ ലഭിക്കുംമുമ്പേ മിന്നല്‍ പ്രളയം എത്തിയേക്കാം. അതിനാല്‍ അടിയന്തര സാഹചര്യം നേരിടാന്‍ പ്രളയഭീതിയുള്ളവര്‍ സദാ തയ്യാറായിരിക്കണം. വെള്ളപ്പൊക്കത്തിന്റെ ഏറ്റവും ഗുരുതരമായ ഫലം മരണം തന്നെയാണ്. വാസ്തവത്തില്‍, വെള്ളപ്പൊക്കമാണ് ഏറ്റവും ഗുരുതരമായ കാലാവസ്ഥാ കൊലയാളികളില്‍ ഒന്നാം സ്ഥാനത്തുള്ളതും.