ലൈബീരിയന്‍ കപ്പല്‍ മുങ്ങിയതില്‍ ഇനിയെന്ത്? അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി; സര്‍ക്കാരിനോട് വിശദാംശങ്ങള്‍ തേടി

കൊച്ചി: ആലപ്പുഴയ്ക്ക് സമീപം ലൈബീരിയന്‍ കപ്പല്‍ മുങ്ങിയതില്‍ വിശദാംശങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കള്‍ എന്തൊക്കെയെന്ന വിവരം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം

കപ്പലപകടത്തിന്റെ പരിണതഫലം എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണം.

എം.എസ്.സി. എല്‍സ 3 എന്ന കാര്‍ഗോ ഷിപ്പാണ് മുങ്ങിയത്. ഇതില്‍ ആകെ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. 13 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കളും ഉണ്ടായിരുന്നു. ഇതുകൂടാതെ കപ്പലിലെ ഇന്ധനം കടലില്‍ പടരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം.