
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ ജൂലൈ 22 മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ രംഗത്ത്. രാജിവെച്ചശേഷം ജഗദീപ് ധന്‍കര്‍ എവിടെയാണെന്ന സംശയം വാര്‍ത്താസമ്മേളനത്തിലാണ് കപില്‍ സിബല്‍ ഉന്നയിച്ചത്.
വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെടണമെന്ന് പറഞ്ഞ സിബല്‍ തനിക്ക് വ്യക്തിപരമായി ബന്ധമുള്ള വ്യക്തിയാണ് ധന്‍കറെന്നും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമായിട്ടില്ലെന്നും പറഞ്ഞു.
ജൂലൈ 21 ന് രാത്രിയാണ് സമൂഹമാധ്യമങ്ങളിലൂടെ അപ്രതീക്ഷിതമായി ജഗ്ദീപ് ധന്‍കര്‍ രാജി അറിയിച്ചത്. പിന്നാലെ ഇതിലെ ദുരൂഹത പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോഗ്യകാരണങ്ങളാണ് രാജിക്കു പിന്നിലെന്നാണ് ധന്‍കര്‍ പറഞ്ഞതെങ്കിലും ഇതും വിശ്വാസത്തിലെടുക്കാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ തയ്യാറായിട്ടില്ല. പതിവുള്ള വിടവാങ്ങല്‍ പ്രസംഗമോ, യാത്രയയപ്പോ ഇല്ലാതിരുന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഉപരാഷ്ട്രപതിയുടെ രാജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ മൗനം തുടരുകയാണ്. രാജിക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു ചെയ്തു. രാജ്യസഭയിലുള്‍പ്പെടെ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.