
അവസരങ്ങളുടെ നാട്…അതാണ് അമേരിക്ക, എന്നാല്‍, ഇപ്പോള്‍ ഇതേനാട് സ്വന്തം അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. അമേരിക്കന്‍ കാമ്പസുകളെ സജീവമാക്കി നിലനിര്‍ത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കുറവ് സുഖകരമല്ലാത്ത ഒരു ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ജനനനിരക്കിലെ ഇടിവും കുടിയേറ്റ നിയന്ത്രണങ്ങളും കാരണം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് അമേരിക്കന്‍ കാമ്പസുകളെ ആശങ്കയിലാഴ്ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതിനാല്‍ അമേരിക്കയിലെ സര്‍വകലാശാലകളുടെ ഭാവി ഇരുണ്ടതായിരിക്കുമെന്ന പ്രവചനങ്ങളും വരുന്നു.

താരതമ്യേന ചെറിയ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ കുറവുമൂലം അടച്ചുപൂട്ടലിന് സാധ്യത തെളിയുണ്ട്. കോളേജുകള്‍ അടച്ചുപൂട്ടുന്നു എന്നാല്‍, അത് വിദ്യാഭ്യാസ മേഖലയെ മാത്രമല്ല ബാധിക്കുക. പല വ്യവസായങ്ങളെയും ബാധിക്കും. ജനനനിരക്കിലെ കുറവുമൂലം തദ്ദേശീയരായ വിദ്യാര്‍ത്ഥികളില്‍ കുറവുണ്ടാകും. ഇതോടൊപ്പം വിവിധ നയങ്ങളില്‍ കുരുങ്ങി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കൂടി വരാതായാല്‍ കാമ്പസുകളോട് ചേര്‍ന്നുള്ള പട്ടണങ്ങള്‍ക്ക് സാമ്പത്തിക ജീവനാഡി തന്നെ ഇല്ലാതാകും.
കാമ്പസുകള്‍ക്ക് സമീപം വീടുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നവര്‍, കഫേ നടത്തിയിരുന്നവര്‍, മെഡിക്കല്‍ സ്‌കൂളുകളില്‍ നിന്നുള്ള ഇന്റേണുകളെ ആശ്രയിച്ചിരുന്ന പ്രാദേശിക ആശുപത്രികള്‍… അങ്ങനെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം കുറയുമ്പോള്‍ അമേരിക്കയ്ക്ക് നഷ്ടങ്ങളുടെ കണക്ക് ഏറെയാണ്.

നിലവില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അധികം എത്താത്ത കാമ്പസ് പരിസരങ്ങളിലെ അപ്പാര്‍ട്ടുമെന്റുകള്‍ ശൂന്യമായെന്നും പല കടകളും അടച്ചിടേണ്ടി വരുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് സമീപ ഭാവിയില്‍ത്തന്നെ കാണാനാകും.
2007 ന് ശേഷമുള്ള ജനനനിരക്കിലെ ഇടിവ് ആഭ്യന്തര കോളേജ് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടസ്സപ്പെടുത്തി. 2025 ന് ശേഷം ഈ പ്രവണത ഇനിയും വര്‍ദ്ധിക്കും. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി റിപ്പോര്‍ട്ട് അനുസരിച്ച്, കുടിയേറ്റക്കാരും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും ഇല്ലെങ്കില്‍, അമേരിക്കയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ അടുത്ത ഒന്നര ദശകത്തിനുള്ളില്‍ ഏകദേശം അഞ്ച് ദശലക്ഷമായി ചുരുങ്ങും. ബിരുദാനന്തര ബിരുദ പ്രവേശനം 1.1 ദശലക്ഷം കുറയും.

യുഎസിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ യേലും സ്റ്റാന്‍ഫോര്‍ഡും മാത്രമല്ല, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കുറവ് നേരിടുന്നത്. ചെറിയ പ്രാദേശിക സര്‍വകലാശാലകളും ലിബറല്‍ ആര്‍ട്‌സ് കോളേജുകളും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവ, തകര്‍ച്ചയുടെ വക്കിലാണ്. 2023 ല്‍, സ്വകാര്യ ഇതര കോളേജുകള്‍ 1980 ന് ശേഷമുള്ള ഏറ്റവും വലിയ ട്യൂഷന്‍ വരുമാന ഇടിവ് നേരിടുന്നു. ഇത് കോളേജിലെ അധ്യാപകരടക്കമുള്ളവരുടെ ജോലിയെപ്പോലും ബാധിക്കുന്നു. തൊഴില്‍ വെട്ടിച്ചുരുക്കലുകള്‍ക്ക് നിരവധിപ്പേര്‍ ഇരകളാകുന്നു.
വെസ്റ്റ് വിര്‍ജീനിയ യൂണിവേഴ്‌സിറ്റി പോലുള്ള സ്ഥാപനങ്ങള്‍ മുഴുവന്‍ അതിന് ഉദാരണമാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്ലെങ്കില്‍, കൂടുതല്‍ കോളേജുകള്‍ പ്രവേശനം കുറയ്ക്കുക, ചെലവ് ഉയര്‍ത്തുക, അല്ലെങ്കില്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുക എന്നിങ്ങനെയുള്ള വഴികള്‍ തിരഞ്ഞെടുക്കേണ്ടി വരും.

സര്‍വകലാശാലകളില്ലാത്ത പട്ടണങ്ങള്‍, എഞ്ചിനുകളില്ലാത്ത സമ്പദ്വ്യവസ്ഥകള്‍ പോലെയാകുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സര്‍വകലാശാല അടച്ചുപൂട്ടിയാല്‍ വെറുമൊരു വിദ്യാഭ്യാസ നഷ്ടം മാത്രമല്ല, സാമ്പത്തികമായുള്ള തകര്‍ച്ച കൂടിയാണ്. നിരവധി അമേരിക്കന്‍ പട്ടണങ്ങള്‍ക്ക്, സര്‍വകലാശാല എന്നാല്‍, ഒരു സ്ഥാപനമല്ല; അത് ഒരു സാമ്പത്തിക എഞ്ചിനാണ്. അത് ഇല്ലാതായാല്‍, അവശേഷിക്കുന്നത് തകര്‍ച്ചയാണ്.
കുടിയേറ്റത്തിലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ചുമുള്ള നയ തീരുമാനങ്ങള്‍ തിരുത്തേണ്ടതുണ്ടെന്ന വിലയിരുത്തലുകളാണ് വിദഗ്ദ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകള്‍ ഇതിനകം തന്നെ നിരവധിപ്പേര്‍ തിരുത്തണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിസ പ്രോസസുകള്‍ കര്‍ശനമാക്കല്‍, നാടുകടത്തല്‍ ഭീഷണി, OPT, STEM OPT പോലുള്ള ബിരുദാനന്തര ബിരുദ ജോലി അവസരങ്ങള്‍ ഇല്ലാതാക്കല്‍ എന്നിവ തിരിച്ചടിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതിഭകള്‍ക്കായുള്ള ലോകത്തിന്റെ കാന്തമായി തുടരാന്‍ യുഎസ് ആഗ്രഹിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്നത് ഒരു പ്രതിരോധ തന്ത്രമല്ലെന്നും അത് ഒരു സാമ്പത്തിക കീഴടങ്ങലാണെന്നും നയരൂപകര്‍ത്താക്കള്‍ മനസ്സിലാക്കണമെന്ന് വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ തന്നെ പറയുന്നു.