
വാഷിംഗ്ടണ്‍: സമാധാന നൊബേൽ സമ്മാനം ട്രംപിന് നൽകാത്തതിന് പുരസ്‌കാര സമിതിയെ വിമർശിച്ച് വൈറ്റ് ഹൗസ്. സമാധാനത്തിന് പകരം രാഷ്ട്രീയത്തിന് മുൻഗണന നൽകിയെന്നാണ് വൈറ്റ് ഹൗസിന്‍റെ ആരോപണം. യുദ്ധങ്ങൾ അവസാനിപ്പിക്കുകയും സമാധാന കരാറുകൾ സാധ്യമാക്കുകയും മനുഷ്യജീവൻ സംരക്ഷിക്കുകയും ചെയ്യുന്നതിൽ ട്രംപ് തുടരുമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചങ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. ട്രംപിന്റെ ദൃഢനിശ്ചയത്തിന് പർവതങ്ങളെപ്പോലും നീക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇസ്രയേലും ഹമാസും തമ്മിലുള്ള ദീർഘകാല യുദ്ധം അവസാനിപ്പിച്ച് ഗാസയിൽ സമാധാന കരാർ നേടിയതോടെ, ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്ന് അനുയായികൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരസ്യമായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, 2025 ജനുവരി വരെയുള്ള കാലയളവാണ് പുരസ്‌കാര സമിതി പ്രധാനമായി പരിഗണിക്കുന്നതിനാൽ, ട്രംപിന് ഇത്തവണ നൊബേൽ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് നേരത്തെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു.
എന്നാലും, ട്രംപിന്‍റെ അനുയായികൾ അത്ഭുതങ്ങൾ സംഭവിക്കാമെന്ന വിശ്വാസത്തിലായിരുന്നു. ഗാസയിലെ സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ ട്രംപിന്റെ സംഭാവനകളെ അവർ എടുത്തുകാണിച്ചു. നൊബേൽ സമ്മാനത്തിനുള്ള ട്രംപിന്റെ അർഹത അവർ ശക്തമായി വാദിച്ചു. വൈറ്റ് ഹൗസിന്റെ വിമർശനം, പുരസ്‌കാര സമിതിയുടെ തീരുമാനത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടെന്ന ആക്ഷേപത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. ട്രംപിന്റെ നേട്ടങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് അവർ ആരോപിച്ചു. സ്റ്റീവൻ ചങ്, ട്രംപിന്റെ പ്രവർത്തനങ്ങൾ ലോകസമാധാനത്തിന് വലിയ സംഭാവന നൽകുമെന്ന് ആവർത്തിച്ചു.