വാഷിങ്ടൺ: താൻ ഗർഭിണിയാണെന്നും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ്. “ഞങ്ങൾ ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം — 2026 മെയ് മാസത്തിൽ ഒരു പെൺകുഞ്ഞ് വരുന്നു,” എന്ന് ലീവിറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
എന്റെ ഭർത്താവിനും എനിക്കും കുടുംബം കൂടുതൽ വലുതാകുന്നതിൽ അതിയായ സന്തോഷമാണ്. ഞങ്ങളുടെ മകൻ ഒരു മൂത്ത സഹോദരനാകുന്നത് കാണാൻ കാത്തിരിക്കുകയാണ്. മാതൃത്വം എന്ന അനുഗ്രഹത്തിനായി ദൈവത്തോട് നന്ദി പറയാൻ വാക്കുകളില്ല. ഭൂമിയിലെ സ്വർഗത്തിനോട് ഏറ്റവും അടുത്ത അനുഭവം അതാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അവർ കുറിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപും ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസും നൽകിയ പിന്തുണയ്ക്കും വൈറ്റ് ഹൗസിൽ കുടുംബ സൗഹൃദമായ അന്തരീക്ഷം ഒരുക്കുന്നതിനും നന്ദി അറിയിക്കുന്നതായും ലീവിറ്റ് പറഞ്ഞു. 2026 ഒരു മികച്ച വർഷമായിരിക്കും. ഒരു പെൺകുട്ടിയുടെ അമ്മയാകാൻ ഞാൻ അതിയായ ആവേശത്തിലാണെന്നും അവർ സോഷ്യൽ മീഡിയ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
28 വയസ്സുള്ള കരോളിൻ ലീവിറ്റ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ഡോണൾഡ് ട്രംപ് പ്രസിഡൻ്റായിരുന്ന ആദ്യ കാലാവധിയിൽ പ്രസ് ഓഫിസിൽ പ്രവർത്തിച്ചിരുന്ന ലീവിറ്റ് 2024ലെ ട്രംപ് പ്രചാരണത്തിലും പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
ന്യൂ ഹാംപ്‌ഷയർ സംസ്ഥാനത്തെ സ്വന്തം മണ്ഡലത്തിൽ നിന്ന് 2022ൽ കോൺഗ്രസിലേക്ക് മത്സരിച്ചെങ്കിലും ലീവിറ്റിന് വിജയം നേടാനായിരുന്നില്ല. 2024 ലാണ് ഭർത്താവ് നിക്കോളസ് റിച്ചിയോയ്ക്കൊപ്പം ലീവിറ്റ് അവരുടെ ആദ്യ കുഞ്ഞായ നിക്കോളസ് റോബർട്ട് റിച്ചിയോയെ സ്വാഗതം ചെയ്തത്.
White House press secretary Karoline Leavitt announces she’s pregnant











