
‘ഞാന്‍ പാണനല്ല, പുലയനല്ല, നീ തമ്പുരാനുമല്ല’….മലയാളി യുവത്വത്തിനിടയില്‍ വളരെ പ്രശസ്തമായ വരികളാണിത്. വേടന്‍ എന്ന റാപ്പറിന്റെ നാവില്‍ നിന്നും ചെറുപ്പക്കാര്‍ക്കിടയിലേക്ക് പാടിപ്പകര്‍ന്നു കിട്ടിയ വരികള്‍…
ഇക്കഴിഞ്ഞ ദിവസമാണ് റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളി കഞ്ചാവുകേസുമായി പിടിയിലാകുന്നത്. ദളിത് രാഷ്ട്രീയം തുറന്നുപറയുന്ന ഗാനങ്ങളിലൂടെ നിരവധി ആരാധകരെ നേടിയ ഈ യുവഗായകന്റെ അറസ്റ്റ് സംഗീതലോകത്തും ആരാധകര്‍ക്കിടയിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. വേടനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം കുറിക്കുമ്പോള്‍ റാപ്പര്‍ സംഗീതത്തെക്കുറിച്ചും ചര്‍ച്ചകള്‍ക്ക് കെട്ടഴിയുന്നു…
ആരാണ് റാപ്പര്‍, എന്താണ് റാപ്പ് സംഗീതം?

ഹിപ് ഹോപ് സംഗീതത്തില്‍ റാപ് ചെയ്യുന്ന ഒരു കലാകാരനെ സൂചിപ്പിക്കുന്ന പദമാണ് ‘റാപ്പര്‍’ . . 1970കളില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രോങ്ക്‌സില്‍ ആഫ്രിക്കന്‍- അമേരിക്കന്‍, ലാറ്റിനോ സമുദായങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഹിപ് ഹോപ് സംഗീതം. സാധാരണയായി ഹിപ് ഹോപ് സാമൂഹിക അനീതി, വംശീയത, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നു. ഇതിലൂടെ യുവാക്കള്‍ക്ക് താന്‍ നേരിടുന്ന, തനിക്ക് നേരെ വരുന്ന പ്രശ്‌നങ്ങളില്‍ സ്വന്തം ശബ്ദം ഉയര്‍ത്താനാകുന്നു. റാപ്പര്‍മാര്‍ തങ്ങളുടെ വരികളിലൂടെ കഥകള്‍ പറയുകയോ, തങ്ങളുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെക്കുകയോ, സാമൂഹിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയോ ചെയ്യുന്നു.

പലപ്പോഴും സാമൂഹിക-രാഷ്ട്രീയ, അല്ലെങ്കില്‍ വ്യക്തിപരമായ വിഷയങ്ങള്‍ അവരുടെ ഗാനങ്ങളില്‍ ഇടംപിടിക്കുകയും ചെയ്യുന്നു. റാപ്പര്‍മാര്‍ വാക്കുകളെ താളാത്മകമായി ഉച്ചരിക്കുന്നു. പറയാനുള്ളതെല്ലാം അവരിലൂടെ സംഗീതമായി പുറത്തുവരുന്നു. റാപ്പ് എന്നത് താളാത്മകമായ സംസാര ശൈലിയാണെന്നും പറയാം. താളത്തിനനുസരിച്ച് സാധാരണയായി ഇതിന് പിന്നില്‍ ഒരു സംഗീത അകമ്പടിയും ഉണ്ടാകും.
റാപ്പര്‍മാര്‍ തങ്ങളുടെ ഗാനങ്ങള്‍ ഊര്‍ജ്ജസ്വലതമായും തനതായ ശൈലിയിലും അവതരിപ്പിക്കുന്നു. റാപ്പിന് കരുത്താായി സാധാരണയായി ഒരു സംഗീത ട്രാക്ക് ഉണ്ടാകും, ഇതിനെ ബീറ്റ് എന്ന് പറയുന്നു.

പ്രശസ്തരായ റാപ്പര്‍മാരില്‍ ജയ്-സി, കെന്‍ഡ്രിക് ലാമര്‍, ഡ്രേക്ക്, എമിനെം, ടുപാക് ഷക്കൂര്‍, നോട്ടോറിയസ് ബി.ഐ.ജി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഹണി സിംഗ്, ബാദ്ഷാ, റാഫ്റ്റാര്‍, ഡിവൈന്‍, എംസി സ്റ്റാന്‍ തുടങ്ങിയവര്‍ ജനപ്രിയ റാപ്പര്‍മാരാണ്.

മലയാളത്തിലാകട്ടെ, ഹനുമാന്‍കൈന്‍ഡ്, ഡബ്സി, വേടന്‍, ബേബി ജീന്‍, നീരജ് മാധവ്, ഫെജോ, തിരുമാലി എംസി കൂപ്പര്‍ അങ്ങനെ പോകുന്നു റാപ്പര്‍മാരുടെ നിര. ഇതില്‍ ഹനുമാന്‍ കൈന്‍ഡ് ഇന്ന് അന്തര്‍ദേശീയ റാപ്പര്‍മാര്‍ക്കൊപ്പം സ്ഥാനം ലഭിച്ച മലയാളിയായ ഇംഗ്ലീഷ് റാപ്പറാണ്.
2009ല്‍ സ്ട്രീറ്റ് അക്കാദമിക്സിന്റെ വരവോടെ കേരളത്തിന്റെ ആദ്യത്തെ ഔദ്യോഗിക ഹിപ് ഹോപ്പ് സംഘം രംഗപ്രവേശം ചെയ്തു. മലയാളത്തിന് ആദ്യമായി ലഭിച്ച റാപ് സ്ട്രീറ്റ് അക്കാദമിക്സ് എന്ന ബാന്‍ഡിന്റെ ‘വണ്ടി പഞ്ചര്‍’ എന്ന പാട്ടാണ്. അസുരന്‍, മാപ്ല എന്നീ രണ്ട് റാപ് ഗായകര്‍ ഒന്നരപതിറ്റാണ്ട് മുന്പിറക്കിയ റാപ്.

‘ഡാ, മലയാളത്തില്‍ പറഞ്ഞാല്‍ പുളിക്കുമോ എന്ന് ചോദിച്ചുവന്ന അവരുടെ പാട്ട് പിന്നീടിങ്ങോട്ട് പലരിലും റാപ്പിന്റെ വിത്തുകള്‍ പാകി മാറ്റത്തിന് വിധേയമായി കടന്നുപോകുന്നു.
ഒരുകാലത്ത് മുഖ്യധാരയ്ക്ക് പുറത്ത് പ്രവര്‍ത്തിച്ചിരുന്ന റാപ്പര്‍മാര്‍ ഇപ്പോള്‍ മലയാള ചലച്ചിത്ര മേഖലയിലെ മികച്ച സംഗീതസംവിധായകരുമായി സഹകരിക്കുന്നു. ‘മഞ്ഞുമല്‍ ബോയ്സ്’ എന്ന സിനിമയിലെ ‘കൂതംത്രം’ എന്ന ഗാനം റാപ്പ്-കംപോസര്‍ കൂട്ടുകെട്ടിന്റെ ഒരു ഉദാഹരണമാണ്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ വേടന്റെ റാപ്പായിരുന്നു അത്.
റാപ്പര്‍ ഡബ്സി അവതരിപ്പിച്ച ‘തല്ലുമാല’ എന്ന സിനിമയിലെ പ്രൊമോ ഗാനമായ ‘മണവാളന്‍ തഗും ഞൊടിയിടയിലാണ് വൈറലായി മാറിയത്.
കലാകാരന്മാര്‍ക്ക് കലയാണ് കലാപമാര്‍ഗം എന്ന് പറയുന്നതുപോലെ ഗാസയിലെ യുദ്ധത്തെയും പലസ്തീന്‍ വംശഹത്യയെയും അപലപിക്കുന്ന ആര്‍ട്ടിസ്റ്റുകളുടെ നിരയില്‍ അമേരിക്കയിലെയും യൂറോപ്പിലെയും റാപ്പര്‍മാരുമുണ്ടായിരുന്നു. ഗാസ കരയണ് പിടയണ് എന്ന് മലയാളത്തിലും റാപ് ഇറങ്ങി.
മലയാളത്തില്‍ റാപ് പുതിയ മാനങ്ങള്‍ തേടുന്നുണ്ട്. യുവത്വത്തിന്റെ സിരകളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. അവരത് ഏറ്റുപാടുന്നുണ്ട്. പുതിയവയ്ക്കായ് കാത്തിരിക്കുന്നുണ്ട്.