
വാഷിംഗ്ടണ്‍ : ഇരുമെയ്യും ഒരു മനവുമായി കഴിഞ്ഞിരുന്നവരാണ്, ഇപ്പോഴിതാ നേരെ കണ്ടാല്‍ കലിപ്പാണ്. കട്ടക്കലിപ്പ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും വാക്‌പോരിലേക്കും പരസ്പരം വലിയ ശത്രുതയിലേക്കും എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് പിന്നിലാരെങ്കിലുമുണ്ടോ എന്ന ചോദ്യവും പലപ്പോഴായി ഉയര്‍ന്നിരുന്നു. ഇരുവര്‍ക്കുമിടയിലെ വിള്ളലിന് ഒരു കാരണക്കാരന്‍ ഉണ്ടെന്ന ചര്‍ച്ചയ്ക്ക് കൊഴുപ്പുകൂട്ടി ന്യൂയോര്‍ക്ക് പോസ്റ്റിലെ ഒരു റിപ്പോര്‍ട്ടും പുറത്തുവന്നു. കുറ്റപ്പെടുത്തല്‍ മുഴുവന്‍ ട്രംപ് ഭരണകൂടത്തിലെ പ്രസിഡന്‍ഷ്യല്‍ പേഴ്സണല്‍ ഡയറക്ടര്‍ സെര്‍ജിയോ ഗോറിന് എതിരാണ്.
ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഡോജിലെ സ്ഥാനം രാജിവെച്ച് ഓവല്‍ ഓഫീസില്‍ നിന്ന് പുറത്തുപോയതിന് തൊട്ടുപിന്നാലെ മസ്‌കിന്റെ അടുത്ത സുഹൃത്തായ ജാരെഡ് ഐസക്മാനെ നാസ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്ന് പിന്‍വലിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെ ശക്തിയാണ് സെര്‍ജിയോ ഗോര്‍ എന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറ്റ് ഹൗസിനെക്കുറിച്ച് നേരിട്ട് അറിവുള്ള ഒന്നിലധികം സ്രോതസ്സുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ടെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് വ്യക്തമാക്കി. ഐസക്മാന്റെ നാമനിര്‍ദ്ദേശം റദ്ദാക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കാന്‍ ഗോര്‍ മുന്‍കൈ എടുത്തെന്നും ഇത് പിന്നീട് ട്രംപ്-മസ്‌ക് പോരാട്ടമായി വളര്‍ന്നുവെന്നും അഭ്യൂഹമുണ്ട്. സെര്‍ജിയോ ഗോര്‍ പ്രസിഡന്റിന്റെ അസിസ്റ്റന്റും പ്രസിഡന്‍ഷ്യല്‍ പേഴ്സണല്‍ ഓഫീസിന്റെ മേധാവിയുമാണ്.
എല്ലാം ആരംഭിച്ചത് മാര്‍ച്ച് 6 ലെ മീറ്റിംഗിലോ?
ജനുവരിയില്‍ ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നതിന് മുമ്പുമുതല്‍ സെര്‍ജിയോ ഗോര്‍, മസ്‌കിനോട് വ്യക്തിപരമായ വിദ്വേഷം പുലര്‍ത്തിയിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാര്‍ച്ച് 6 ലെ കാബിനറ്റ് മീറ്റിംഗിന് ശേഷം പിരിമുറുക്കങ്ങള്‍ കൂടുതല്‍ വര്‍ദ്ധിച്ചുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നു.
” ‘സെര്‍ജിയോ ആളുകളെ നിയമിക്കാന്‍ വേണ്ടത്ര വേഗത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും, അദ്ദേഹം ഈ ജോലിക്ക് ശരിയായ ആളല്ല’ എന്ന് മാര്‍ച്ച് 6 ലെ കാബിനറ്റ് മീറ്റിംഗില്‍ മസ്‌ക് പറഞ്ഞെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതൊരു അപമാനിക്കല്‍ മാത്രമല്ലെന്നും ‘എന്തുകൊണ്ട് നിങ്ങളുടെ ജോലി ചെയ്യുന്നില്ല?’ എന്ന് ട്രംപ് ഗോറിനോട് ചോദിക്കുന്നിടത്തുവരെ കാര്യങ്ങള്‍ എത്തിയെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
മസ്‌കും ഗോറും തമ്മിലുള്ള വൈരാഗ്യം സഹപ്രവര്‍ത്തകര്‍ക്കും അറിയാമായിരുന്നു. താന്‍ മസ്‌കിന് തിരിച്ചടി നല്‍കുമെന്ന് ഗോര്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ടെസ്ലയുടെ ഓഹരി വില ഇടിഞ്ഞപ്പോള്‍ ഗോര്‍ ആഹ്ലാദഭരിതനായി സംസാരിച്ചതായും, മസ്‌കിന്റെ സാമ്പത്തിക നഷ്ടങ്ങള്‍ കാണിക്കാന്‍ തന്റെ ഫോണിലെ ”സ്റ്റോക്ക്‌സ്” ആപ്പ് ഇടയ്ക്കിടെ തുറന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ പോലും പങ്കുവെച്ചതായും നിരവധി സ്രോതസ്സുകള്‍ വിവരിക്കുന്നു. ട്രംപ് മസ്‌കില്‍ നിന്ന് പരസ്യമായി ഒരു ടെസ്ല വാങ്ങിയ നിമിഷത്തെ ഗോര്‍ പരിഹസിച്ചതായും പറയപ്പെടുന്നു.
എന്തായാലും ഈ റിപ്പോര്‍ട്ടുകളോട് ട്രംപും മസ്‌കും ആരോപണ വിധേയനായ സെര്‍ജിയോ ഗോറും ഇതുവരെ പ്രതികരിച്ചിട്ടില്ല.














