ബെയ്ജിങ്:രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മരണയ്ക്കായി നടത്തുന്ന സൈനിക പരേഡിൽ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നോടൊപ്പം മകൾ കിം ജു എയും ചൈനയിൽ. കിം ജു എയുടെ ആദ്യ വിദേശ യാത്രയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരി കിം ജു എ ആകുമെന്ന അഭ്യൂഹങ്ങൾക്ക് ഒന്നു കൂടി ആക്കം കൂടുകയാണ്.
പ്യോങ്‌യാങ്ങിൽ നിന്ന് ബീജിംഗിലെത്തി പിതാവിന്റെ തൊട്ടുപിന്നിൽ അവൾ നടന്നുവരുന്നതായി കണ്ടിരുന്നു. അതേസമയം, കിം ജു എയുടെ ഐഡന്റിറ്റി ഒരിക്കലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത് അവ കിമ്മിന്റെ മകളായ ജു എയാണെന്നാണ്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസി ഇപ്പോൾ ജു എയെ ആണ് പ്രധാന പിൻഗാമിയായി കാണുന്നത്. എങ്കിലും ഒരു സ്ത്രീ പോലും ഭരിച്ചിട്ടില്ലാത്ത ഒരു രാജവംശത്തിലേക്ക് അവർക്ക് അധികാരത്തിലെത്താൻ കഴിയുമോ എന്ന സംശയങ്ങളും ആളുകളിൽ ഉടലെടുക്കുന്നുണ്ട്.
2022 നവംബറിൽ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ വേളയിൽ പിതാവ് കിം ജോങ് ഉന്നിനൊപ്പമായിരുന്നു ജു എയ് ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ പലപ്പോഴും പിതാവിനൊപ്പം ജു എ പ്രത്യക്ഷപ്പെടാറുണ്ട്. കിങ് ജോങ്ങിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മകൾ അടുത്ത ഭരണാധികാരിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഏകദേശം 13 വയസ്സ് പ്രായമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ജു എയ്, നിരവധി ഉന്നത പരിപാടികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മെയ് മാസത്തിൽ ഒരു റഷ്യൻ എംബസി ചടങ്ങിൽ നയതന്ത്ര അരങ്ങേറ്റവും നടത്തിയിരുന്നു.
2023 ആയപ്പോഴേക്കും, മുതിർന്ന ഉദ്യോഗസ്ഥരുമൊത്തുള്ള വിരുന്നുകളിൽ കാണപ്പെട്ടതായും ബിബിസി ഉദ്ധരിച്ചതുപോലെ കിം ജോങ് ഉന്നിന്റെ “ബഹുമാനപ്പെട്ട മകൾ” എന്ന് പരാമർശിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഉത്തര കൊറിയയിൽ “ബഹുമാനപ്പെട്ട” എന്ന പദം ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമുള്ളതാണ്. . കുതിരസവാരി, സ്കീയിംഗ്, നീന്തൽ എന്നിവ ഇഷ്ടമാണെന്നും തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ വീട്ടിൽ നിന്ന് അവൾ വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ സ്ഥാപിതമായതുമുതൽ ഉത്തര കൊറിയ കിം കുടുംബത്തിന്റെ ഭരണത്തിൻ കീഴിലാണ്.














