ഇന്ത്യക്ക് പുഞ്ചിരിക്കാം! ട്രംപിന്‍റെ വിശ്വസ്തനായ ഇന്ത്യൻ വംശജന് പുതിയ നിയമനം, പ്രസിഡന്‍റിന്‍റെ പുതിയ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി, ആരാണ് ഖുഷ് ദേശായി?

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിക്കപ്പെട്ടതോടെ ഇന്ത്യൻ വംശജനായ ഖുഷ് ദേശായി ലോകമാകെ ചർച്ചയാകുകയാണ്. ആരാണ് ഈ യുവാവ് എന്നതാണ് ഏവരും അന്വേഷിക്കുന്നത്. ഖുഷ് ദേശായിയെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ഡൊണാൾഡ് ട്രംപ് നിയമിച്ച കാര്യം വൈറ്റ് ഹൗസാണ് ഔദ്യോഗികമായി അറിയിച്ചത്. പൊളിറ്റിക്കൽ കമ്യൂണിക്കേഷൻ മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ് ഖുഷ്. മാധ്യമ പ്രവർത്തകനായിരുന്ന ഖുഷ് ദേശായി റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ 2024 ന്റെ ഡെപ്യൂട്ടി കമ്യൂണിക്കേഷൻസ് ഡയറക്ടറായും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് അയോവയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടെവച്ചാണ് ട്രംപിന്‍റെ കണ്ണ് ഈ യുവാവിൽ പതിയുന്നത്.

റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിൽ സ്വിങ് സ്റ്റേറ്റ്സ് ഡെപ്യൂട്ടിയായും പെൻസിൽവാനിയ കമ്യൂണിക്കേഷൻസ് ഡയറക്ടറായും പ്രവർത്തിച്ച വേളയിൽ ട്രംപിന്‍റെ വിജയത്തിൽ ഖുഷ് നിർണായക പങ്ക് വഹിച്ചിരുന്നു. യുഎസ് തിരഞ്ഞെടുപ്പിലെ നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റ്സുകളിലും ട്രംപ് മിന്നുന്ന വിജയമാണ് കൈവരിച്ചത്. ഇതെല്ലാമാണ് ഖുഷ് ദേശായിക്ക് ട്രംപിന്‍റെ വിശ്വസ്ത പദവിയിലേക്ക് എത്താൻ വഴി തുറന്നത്.

രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് വാഷിങ്ടൺ ആസ്ഥാനമായുള്ള പത്രത്തിൽ 10 മാസത്തോളം പ്രവർത്തിച്ചിരുന്നു ഖുഷ്. ന്യൂ ഹാംഷെയറിലെ ഐവി ലീഗ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള ഡാർട്ട്മൗത്ത് കോളേജിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹത്തിന് ജയിംസ് ഒ ഫ്രീഡ്മാൻ പ്രസിഡൻഷ്യൽ റിസർച്ച് സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, ഗുജറാത്തി ഭാഷകളിൽ ഖുഷിന് പ്രാവീണ്യമുണ്ട്. കാബിനറ്റ് സെക്രട്ടറിയും ഡെപ്യൂട്ടി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫുമായ ടെയ്ലർ ബുദോവിച്ചിന്റെ നേതൃത്വത്തിലാണ് കമ്യൂണിക്കേഷൻസിന്റ് വൈറ്റ് ഹൗസ് ഓഫിസ് പ്രവർത്തിക്കുന്നത്. വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി സ്റ്റീവൻ ച്യുങ്ങിനെയും പ്രസ് സെക്രട്ടറിയായി കരോലിൻ ലെവിറ്റിനെയും നേരത്തെ ട്രംപ് നിയമിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide