ജെൻ സികൾ തെരഞ്ഞെടുത്തു, നേപ്പാളിനെ നയിക്കാൻ സുശീല കർക്കി? ഇടക്കാല സർക്കാറിൽ പ്രധാനമന്ത്രിയാകാൻ സാധ്യത, ആരാണ് സുശീല കർക്കി

കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭകർ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിർദേശിച്ചു. ബുധനാഴ്ച നടന്ന ജെൻ സി പ്രതിഷേധ പ്രകടനത്തിൽ കർക്കി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജെൻ സികളുടെ തീരുമാനം പ്രഖ്യാപിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാഠ്മണ്ഡു മേയർ ബാലൻ ഷായെ ആദ്യം പരിഗണിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് മീറ്റിങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയ യുവതലമുറ പ്രധാനമന്ത്രി കെ പി. ശർമ ഒലിയുടെ രാജി, ദേശീയ സർക്കാർ രൂപീകരണം, അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കൾക്കെതിരെ കർശന നടപടി എന്നിവ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭം രൂക്ഷമായതോടെ പ്രധാനമന്ത്രി ഒലിയും സർക്കാരിലെ മറ്റ് മന്ത്രിമാരും രാജിവെച്ചു, നേപ്പാൾ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞു. തുടർച്ചയായ സമ്മർദത്തിനൊടുവിൽ, പുതിയ സർക്കാർ ഔദ്യോഗികമായി നിയമിതമാകുന്നതുവരെ സുശീല കർക്കി ഇടക്കാല സർക്കാരിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആരാണ് സുശീല കർക്കി- നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസിന്റെ ജീവിതവും നേട്ടങ്ങളും

1952 ജൂൺ 7-ന് നേപ്പാളിലെ ബിരാട്നഗറിൽ ജനിച്ച സുശീല കർക്കി, നിയമരംഗത്തും വാദപ്രവർത്തനത്തിലും അതുല്യമായ മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. 1972-ൽ ബിരാട്നഗറിലെ മഹേന്ദ്ര മൊറാങ് കാമ്പസിൽ നിന്ന് ബി.എ. ബിരുദവും, 1975-ൽ വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് രാഷ്ട്രീയശാസ്ത്രത്തിൽ എം.എ.യും, 1978-ൽ നേപ്പാളിലെ ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും (LLB) നേടി. 1979-ൽ ബിരാട്നഗറിൽ അഭിഭാഷക വൃത്തി ആരംഭിച്ച അവർ, 1985-ൽ ധരനിലെ മഹേന്ദ്ര മൾട്ടിപ്പിൾ കാമ്പസിൽ അസിസ്റ്റന്റ് അധ്യാപികയായി ജോലി ചെയ്തു. 2007-ൽ സീനിയർ അഡ്വക്കേറ്റായി മാറിയ കർക്കി, 2009-ൽ സുപ്രീം കോടതിയിൽ താൽക്കാലിക ജസ്റ്റിസായും, 2010-ൽ സ്ഥിരം ജസ്റ്റിസായും നിയമിതയായി. 2016 ജൂലൈ 11 മുതൽ 2017 ജൂൺ 7 വരെ നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ, സുശീല കർക്കി പരിവർത്തന നീതി, തെരഞ്ഞെടുപ്പ് തർക്കങ്ങൾ തുടങ്ങിയ നിർണായക കേസുകളിൽ വിധി പറഞ്ഞിട്ടുണ്ട്. 2017 ഏപ്രിൽ 30-ന് മാവോയിസ്റ്റ് സെന്ററും നേപ്പാളി കോൺഗ്രസും ചേർന്ന് അവർക്കെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് നോട്ടീസ് സമർപ്പിച്ചെങ്കിലും, ജനകീയ പ്രതിഷേധവും സുപ്രീം കോടതിയുടെ താൽക്കാലിക ഉത്തരവും കാരണം ഈ നീക്കം പിൻവലിക്കപ്പെട്ടു.

More Stories from this section

family-dental
witywide