വാഷിങ്ടണിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ കമൽപ്രീത് സിംഗ് ജാമ്യത്തിൽ പുറത്തിറങ്ങി. വാഹനാഹത്യ (Vehicular Homicide) കുറ്റം ചുമത്തപ്പെട്ട സിംഗിന് 1 ലക്ഷം ഡോളറാണ് കോടതി ജാമ്യമായി നിശ്ചയിച്ചത്. നിയമപരമായ രേഖകളില്ലാതെ യുഎസിൽ കഴിയുന്ന അനധികൃത കുടിയേറ്റക്കാരനാണെന്ന് കരുതുന്ന കമൽപ്രീത് സിംഗ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനെ തുടർന്ന് ശക്തമായ പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്.
ഇന്ത്യൻ വംശജനായ ഡ്രൈവർമാർ അമേരിക്കയിൽ അശ്രദ്ധയായി വാഹനം ഓടിച്ച് ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുകയും പിന്നീട് എളുപ്പത്തിൽ പുറത്തിറങ്ങുകയും ചെയ്യുന്നു എന്ന വിമർശനവും ശക്തമാണ്. SR 167 റോഡിൽ നടന്ന അപകടത്തിൽ 29 കാരനായ റോബർട്ട് ബി. പിയേഴ്സണാണ് മരിച്ചത്. രണ്ട് ട്രക്കുകൾക്കിടയിൽ അദ്ദേഹത്തിന്റെ കാർ പെട്ട് പൂർണമായി തകർന്നതാണ് അപകടകാരണം.
അധികൃതർ നൽകിയ വിവരമനുസരിച്ച്, ഒരേ ലൈനിൽ സഞ്ചരിച്ച മൂന്ന് വാഹനങ്ങളിൽ രണ്ട് വാഹനങ്ങൾ ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തിയപ്പോൾ, മൂന്നാമത്തെ വാഹനം സമയത്ത് വേഗം കുറച്ചില്ല. ഇതാണ് അപകട കാരണം. കാൽഫോർണിയയിലെ എൽക്ക് ഗ്രോവിൽ നിന്നുള്ള 25 കാരനായ കമൽപ്രീത് സിംഗ് ഓടിച്ച 2020 മോഡൽ ഫ്രെയ്റ്റ്‌ലൈനർ കാസ്കേഡിയ ട്രക്ക്, മുന്നിൽ നിർത്തിയിരുന്ന നീല നിറത്തിലുള്ള 2010 മസ്ദ 3 കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഈ കാർ, മുന്നിലുണ്ടായിരുന്ന വെളുത്ത നിറത്തിലുള്ള ട്രക്കിന്റെ അടിയിലേക്ക് തള്ളപ്പെടുകയായിരുന്നു.
തുടർന്ന് റോബർട്ടിന്റെ കാറിന്റെ എഞ്ചിനിൽ തീപിടിക്കുകയും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. കമൽപ്രീത് സിംഗിനും മറ്റൊരു ട്രക്ക് ഡ്രൈവർക്കും പരിക്കുകളില്ല. മൂന്നു പേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതായി പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് റോഡ് ഏകദേശം 6 മണിക്കൂർ 48 മിനിറ്റ് അടച്ചിട്ടിരുന്നു. മദ്യമോ മയക്കുമരുന്നുകളോ അപകടത്തിന് കാരണമല്ലെന്നും സംഭവത്തിന്റെ കാരണം അന്വേഷണം തുടരുകയാണെന്നും സ്റ്റേറ്റ് പട്രോൾ അറിയിച്ചു.
“എന്റെ സഹോദരനാണ് കൊല്ലപ്പെട്ടത്. ഭാര്യയെയും 4 വയസ്സും 1 വയസ്സുമുള്ള രണ്ട് ആൺമക്കളെയും വിട്ടുപോയി. അവർ കമ്പനിയ്‌ക്കെതിരെ കേസ് നൽകുകയാണ്. കുടുംബം ഇതിനകം അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. അദ്ദേഹം വളരെ സ്നേഹമുള്ള, നല്ല മനുഷ്യനായിരുന്നു. ഇന്നും ഇവിടെ ഉണ്ടായിരിക്കേണ്ടവനാണ്,” എന്ന് റോബർട്ടിന്റെ സഹോദരി എക്സിൽ കുറിച്ചു.
ലഭ്യമായ വിവരങ്ങൾ പ്രകാരം, 2023ൽ അനധികൃതമായി അതിർത്തി കടന്ന കമൽപ്രീത് സിംഗിനെ ബൈഡൻ ഭരണകൂടം അതിർത്തിയിൽ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചിരുന്നു. തുടർന്ന് അദ്ദേഹം യുഎസിൽ തുടരുകയായിരുന്നു. അപകടത്തിന് മുൻപ് വാഹനം നിർത്താനോ ഒഴിവാക്കാനോ സിംഗ് യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സഹഡ്രൈവർ ഉണ്ടെന്ന വ്യാജവിവരങ്ങൾ നൽകിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ജാമ്യത്തിൽ പുറത്തിറങ്ങിയ സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിലും ശക്തമായ പ്രതികരണമാണ് ഉയരുന്നത്. “അനധികൃത കുടിയേറ്റക്കാരന് 1 ലക്ഷം ഡോളർ എവിടെ നിന്ന് കിട്ടി? ഇത് എങ്ങനെ സാധ്യമാണ്?” എന്ന് ഒരാൾ ചോദിച്ചു.“ജാമ്യത്തിനുള്ള പണം എവിടെ നിന്ന് വന്നു? ലൈസൻസ് നൽകിയത് ആര്? ഇയാളെ നിയമിച്ചത് ആര്? നിയമപരമായ കാര്യങ്ങൾ പരിശോധിച്ചത് ആര്? ഇയാൾ ഒളിച്ചോടാൻ സാധ്യതയുണ്ടോ? ഇവരെ ട്രക്കുകളുടെ സ്റ്റിയറിംഗിന് പിന്നിൽ ഇരുത്തിയ എല്ലാവരെയും കുറ്റക്കാരാക്കണം,” എന്ന് മറ്റൊരാളും കുറിച്ചു.
‘Who paid?’; Indian-origin truck driver who killed a man in a crash in Washington released from jail on $100,000 bail












