
മലപ്പുറം: യു ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി രണ്ടാം ദിവസമാകുമ്പോഴും നിലമ്പൂരിലെ ഇടത് സ്ഥാനാർഥി ആരെന്നതിൽ തീരുമാനമായില്ല. ഇക്കാര്യത്തിൽ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. ഇന്ന് പ്രഖ്യാപനം ഉണ്ടാകില്ലെന്നും ഒരാഴ്ചക്കകമാകും പ്രഖ്യാപനം എന്ന് നേരത്തെ പറഞ്ഞതാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. വെള്ളിയാഴ്ച മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാകും പ്രഖ്യാപനമെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റും എൽഡിഎഫ് യോഗവും ചേരും. മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും തീരുമാനം.
നിലമ്പൂരിൽ എം വി ഗോവിന്ദൻ പങ്കെടുത്ത നേതൃയോഗം ചേർന്നെങ്കിലും തീരുമാനമായില്ല. മൂന്നു പേരുകളിലേക്കാണ് ചർച്ചകൾ പ്രധാനമായും നീളുന്നത്. വഴിക്കടവ് ഡിവിഷനിൽ യു ഡി എഫിനെ അട്ടിമറിച്ച അഡ്വ. ഷെറോണ റോയ് ഉൾപ്പെടെയുള്ളവരാണ് പട്ടികയിലുള്ളത്. യുവത്വം, വനിത, പൊതുസമ്മിതി, സമുദായിക സമവാക്യങ്ങൾ എല്ലാം മാനദണ്ഡമാക്കിയാണ് ആലോചനകൾ മുന്നോട്ടുപോകുന്നത്. ഒരു പൊതു സ്വതന്ത്രൻ സ്ഥാനാർഥിയായെത്താനുള്ള സാധ്യതയും രാഷ്ട്രീയ കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല.
യു ഡി എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അനുകൂല കാലാവസ്ഥയായെന്നാണ് സി പി എം വിലയിരുത്തൽ. ഷൗക്കത്തിനോടുള്ള കോൺഗ്രസിലെ എതിർപ്പും അൻവർ ഉയർത്തുന്ന അനിശ്ചിതത്വവും ബി ജെ പി പിൻവലിഞ്ഞതും അനുകൂലമാക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ ആത്മവിശ്വാസം.