ആര് നയിക്കും; സംസ്ഥാനത്തെ നഗരസഭ, കോർപ്പറേഷൻ ചെയര്‍പേഴ്‌സണ്‍, മേയര്‍ തിരഞ്ഞെടുപ്പുകള്‍ ഇന്ന്

സംസ്ഥാനത്തെ നഗരസഭകളിലെയും കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10.30 ന് നടക്കും. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷമാകും. ജില്ലാ കലക്ടര്‍മാരാണ് കോര്‍പറേഷനുകളിലെ വരണാധികാരി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നാളെ നടക്കും.

ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേന ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.

അതേസമയം, തിരുവനന്തപുരത്ത് വി വി രാജേഷാണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി. വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി പാറ്റൂർ രാധാകൃഷ്ണൻ ബിജെപിയെ പിന്തുണയ്ക്കാൻ ധാരണയായി. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാവിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗം രാവിലെ ചേരും. ഐ ഗ്രൂപ്പില്‍ നിന്നുള്ള വി കെ മിനിമോളാണ് യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. ടേം വ്യവസ്ഥ പ്രകാരം രണ്ടര വര്‍ഷത്തിനു ശേഷം ഷൈനി മാത്യു മേയറാകും. മേയര്‍ സ്ഥാനത്തേയ്ക്ക് തഴയപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ഇന്നത്തെ വോട്ടെടുപ്പില്‍ സഹകരിക്കും.

കോണ്‍ഗ്രസ് ഇന്നലെ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ഡോ. നിജി ജസ്റ്റിനെ മേയറായും എ പ്രസാദിനെ ഡെപ്യൂട്ടി മേയറായും പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് കോര്‍പറേഷനില്‍ തടമ്പാട്ടുതാഴം വാര്‍ഡില്‍ നിന്ന് വിജയിച്ച ഒ സദാശിവനാണ് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി. കോട്ടൂളിയില്‍ നിന്ന് വിജയിച്ച ഡോ എസ് ജയശ്രീയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.

കൊല്ലം കോര്‍പ്പറേഷനില്‍ എ കെ ഹഫീസാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ഡോ.ഉദയ സുകുമാരന്‍ മത്സരിക്കും. കണ്ണൂരില്‍ നിലവിലെ ഡെപ്യൂട്ടി മേയറായ പി ഇന്ദിരയാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. മുസ്ലീം ലീഗ് അംഗം കെ പി താഹിർ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിക്കും.

who will lead; Municipal Corporation, Corporation Chairperson and Mayor elections in the state today

More Stories from this section

family-dental
witywide