നിയമസഭയിൽ ആർഎസ്എസ് ഗണഗീതം പാടി ഡികെ ശിവകുമാർ, മുഖ്യമന്ത്രി സ്ഥാനത്തിൽ ഹൈക്കമാൻഡിനുള്ള സൂചനയെന്ന് ബിജെപി; പരിഹാസമെന്ന് മറുപടി

ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിയമസഭയിൽ ആർഎസ്എസ് ഗണഗീതമായ ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ’ പാടിയതിൽ ചർച്ച കൊഴുക്കുന്നു. ബിജെപി എംഎൽഎ ആർ അശോക, ശിവകുമാറിന്റെ മുൻകാല ആർഎസ്എസ് ബന്ധം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചതിനും, ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആർസിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും ഉത്തരവാദിത്തം സർക്കാരിനാണെന്ന് ആരോപിച്ചതിനോട് പ്രതികരിക്കവെയാണ് ശിവകുമാർ ഗണഗീതം ആലപിച്ചത്. 73 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ശിവകുമാർ വിശദീകരണവുമായി രംഗത്തെത്തി. താൻ ജന്മം മുതൽ കോൺഗ്രസുകാരനാണെന്നും, എതിരാളികളെക്കുറിച്ച് ആഴത്തിൽ അറിവുള്ളതിന്റെ ഭാഗമായാണ് ഗണഗീതം പാടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ശിവകുമാറിന്റെ പ്രവൃത്തി കോൺഗ്രസ് ഹൈക്കമാൻഡിനുള്ള സന്ദേശമാണെന്നും മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട സൂചനയാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആർഎസ്എസിനെ പ്രശംസിച്ചതിനെ കോൺഗ്രസ് വിമർശിച്ചിരുന്ന സാഹചര്യത്തിൽ, ശിവകുമാറിന്റെ പ്രവൃത്തി കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുവെന്ന് പരിഹസിച്ചു. എന്നാൽ, താൻ ബിജെപിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും, ആർഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും ശിവകുമാർ വ്യക്തമാക്കി. പരിഹാസ രൂപേണ ആണ് പാടിയതെന്നും ഡി കെ വിവരിച്ചു.

More Stories from this section

family-dental
witywide