
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസും മിസ്സിസിപ്പി യൂണിവേഴ്സിറ്റിയിലെ ഒരു ഇന്ത്യൻ വംശജ വിദ്യാർഥിനിയും തമ്മിലുള്ള ഒരു ഏറെ ചർച്ച ചെയ്യപ്പെട്ട സംവാദം സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപ് ഭരണകൂടത്തിന്റെ കർശന ഇമിഗ്രേഷൻ നയങ്ങളെയും വാൻസിന്റെ വിശ്വാസപരമായ പരാമർശങ്ങളെയും ചോദ്യം ചെയ്ത് വിദ്യാർഥിനി രംഗത്തെത്തിയതോടെയാണ് സംഭവം ശ്രദ്ധേയമായത്. ടേണിംഗ് പോയിന്റ് യുഎസ്എ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. “നിങ്ങൾ പറയുന്നത് ‘ഇവിടെ അധികം ഇമിഗ്രന്റുകൾ ഉണ്ട്’ എന്നാണ്. എപ്പോഴാണ് നിങ്ങൾ ആ എണ്ണം തീരുമാനിച്ചത്? നിങ്ങൾ ഞങ്ങൾക്ക് ഒരു സ്വപ്നം വിറ്റു, ഞങ്ങളുടെ യൗവനവും സമ്പത്തും ഈ രാജ്യത്ത് ചെലവഴിക്കാൻ പ്രേരിപ്പിച്ചു. നിങ്ങൾ ഞങ്ങൾക്ക് ഒന്നും കടപ്പെട്ടിട്ടില്ല, ഞങ്ങൾ കഠിനാധ്വാനം ചെയ്തു,”. “പിന്നെ എങ്ങനെയാണ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ നിങ്ങൾ പറയുന്നത് ‘ഇപ്പോൾ അധികം പേരുണ്ട്, അവരെ പുറത്താക്കും’ എന്ന്? വിദ്യാർഥിനി ചോദിച്ചു. നിങ്ങൾ ആവശ്യപ്പെട്ട പണം നൽകി നിയമപരമായി ഇവിടെ എത്തിയവരെ പുറത്താക്കുന്നതിലെ നീതിയും വിദ്യാർഥിനി ചോദ്യമാക്കി.
വാൻസ് തന്റെ നിലപാട് ഉറപ്പിച്ചു പ്രതികരിച്ചു: “ഒരാൾ, പത്ത് പേർ അല്ലെങ്കിൽ നൂറ് പേർ നിയമപരമായി വന്ന് അമേരിക്കയ്ക്ക് സംഭാവന നൽകിയെന്ന് കരുതി, അതിനർഥം ഭാവിയിൽ ഒരു മില്യൺ, പത്ത് മില്യൺ അല്ലെങ്കിൽ നൂറ് മില്യൺ പേരെ കൊണ്ടുവരാൻ ബാധ്യസ്ഥരാണെന്നല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു: “യുഎസ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ ലോകത്തിന്റെ താൽപ്പര്യങ്ങൾ നോക്കേണ്ടതില്ല; അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾ മാത്രം.” ഈ പ്രസ്താവന പ്രേക്ഷകരിൽ നിന്ന് കയ്യടി നേടി.
വിദ്യാർഥിനിയുടെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് പലരും അഭിനന്ദനം അറിയിച്ചപ്പോൾ, ട്രംപ് ഭരണകൂട അനുകൂല അക്കൗണ്ടുകൾ അവരെ “ഭ്രാന്തിയായ ഹിന്ദു എച്ച്-1ബി അധിനിവേശക്കാരി” എന്ന് ആക്രമിച്ചു. എച്ച്-1ബി വിസ ഫീസ് 1 ലക്ഷം ഡോളറായി ഉയർത്തിയതും തൊഴിൽ അനുമതികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഉൾപ്പെടെയുള്ള യുഎസ് ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കുന്ന പശ്ചാത്തലത്തിൽ വീഡിയോ വലിയ തോതിൽ വൈറലായിട്ടുണ്ട്.













