
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെയും ഓപ്പറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിലുണ്ടായ ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. ഇക്കുറി പ്രധാനമായും 3 ചോദ്യങ്ങളുയർത്തിയാണ് രാഹുലിന്‍റെ വിമർശനം. ഭീകരതയെക്കുറിച്ചുളള പാകിസ്ഥാന്‍റെ പ്രസ്താവന വിശ്വസിച്ചതെന്തിനെന്നതാണ് രാഹുലിന്‍റെ ഒരു ചോദ്യം. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നില്‍ തലകുനിച്ച് രാജ്യതാത്പര്യം ബലികഴിച്ചതെന്തിനെന്നും രാഹുൽ ചോദിച്ചു. ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം രക്തം തിളയ്ക്കുന്നതെന്തിനെന്നതായിരുന്നു പ്രധാനമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്‍റെ മൂന്നാമത്തെ ചോദ്യം. പൊള്ളയായ പ്രസംഗങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ അഭിമാനം മോദി അപകടത്തിലാക്കിയെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ രാജസ്ഥാനിലെ ബിക്കാനേറില്‍ മോദി നടത്തിയ പ്രസംഗം മുൻനിർത്തിയാണ് രാഹുൽ വിമർശനവുമായി രംഗത്തെത്തിയത്.
ഇന്ത്യക്കാരുടെ രക്തംകൊണ്ട് കളിച്ചാല്‍ പാകിസ്താന്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിക്കാനേറിലെ പ്രസംഗത്തിൽ പറഞ്ഞത്. സിന്ദൂരം വെടിമരുന്ന് ആകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ലോകവും രാജ്യത്തിന്റെ ശത്രുക്കളും ഇതിനോടകം കണ്ടുവെന്ന് പറഞ്ഞ പ്രധാനമന്ത്രി പാകിസ്താനെ മുട്ടുകുത്തിച്ചതിന് ഇന്ത്യന്‍ സായുധസേനയെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം പ്രതികാരത്തിന്റെ കളിയല്ലെന്നും ‘നീതിയുടെ പുതിയ രൂപമാണെന്നും’ അദ്ദേഹം പറഞ്ഞു, പാകിസ്താനുമായി വ്യാപാരമോ ചര്‍ച്ചയോ ഉണ്ടാകില്ല, പാക് അധിനിവേശ കാശ്മീരിനെക്കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.