
തിരുവനന്തപുരം: ലൈംഗികാരോപണങ്ങളിൽ കുടുങ്ങി യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവെക്കേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കേൾപ്പിച്ച ശബ്ദ സന്ദേശത്തിൽ പ്രതികരിച്ച് ട്രാൻസ് വുമൺ അവന്തിക രംഗത്ത്. രാഹുൽ കേൾപ്പിച്ച ശബ്ദ സന്ദേശം പഴയതാണെന്നാണ് അവന്തികയുടെ വെളിപ്പെടുത്തൽ. ആഗസ്റ്റ് ഒന്നിനുള്ള ഈ ശബ്ദ സന്ദേശം രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നതിന് മുൻപുള്ളതാണ്. അന്ന് താൻ മാനസികമായി ഇക്കാര്യങ്ങൾ തുറന്നുപറയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ലെന്നും, രാഹുൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അവന്തിക വ്യക്തമാക്കി.
എന്നാൽ, പിന്നീട് രാഹുൽ തെറ്റ് ചെയ്തതായി തെളിഞ്ഞുവെന്നും, പഴയ ശബ്ദ സന്ദേശം ഉപയോഗിച്ച് വാദം നടത്തേണ്ട കാര്യമില്ലെന്നും അവന്തിക കൂട്ടിച്ചേർത്തു. രാഹുലിന്റെ ഭാഗത്ത് ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനെതിരെ, താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അവന്തിക പ്രതികരിച്ചു. ടെലഗ്രാം വഴിയുള്ള ചാറ്റുകളെക്കുറിച്ച് രാഹുൽ എന്തുകൊണ്ട് പരസ്യമായി സംസാരിക്കുന്നില്ലെന്ന് അവന്തിക ചോദിക്കുന്നു. രാഹുൽ ‘വാനിഷ് മോഡിൽ’ മെസേജുകൾ അയക്കുന്നതിനാൽ, ഒരിക്കൽ കണ്ടാൽ പിന്നീട് അവ കാണാൻ കഴിയില്ലെന്നും, ഇതിന്റെ ധൈര്യത്തിലാണ് തന്‍റെ ആരോപണങ്ങൾക്കെതിരെ ശബ്ദ സന്ദേശങ്ങൾ മാത്രം പുറത്തുവിടുന്നതെന്നും അവന്തിക ആരോപിച്ചു. ആഗസ്റ്റ് ഒന്നിന് മുൻപും രാഹുലുമായി നിരന്തരം സംസാരിച്ചിരുന്നതായും, മറ്റ് ചാറ്റുകൾ പരസ്യമാക്കാത്തതിന്റെ കാരണം എന്താണെന്നും അവന്തിക ചോദിച്ചു. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും അവർ പ്രതികരിച്ചു.
അതേസമയം നേരത്തെ എം എൽ എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യങ്ങളെ പ്രതിരോധിക്കാനുള്ള നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളെ കണ്ടു. അവന്തികയുമായി ഒരു മാധ്യമപ്രവർത്തകൻ നടത്തിയ ഫോൺ സംഭാഷണം പുറത്തുവിട്ടുകൊണ്ടാണ് രാഹുൽ പ്രതിരോധ നീക്കം ശക്തമാക്കിയത്. തനിക്കെതിരെ യാതൊരു ആരോപണവും ഇല്ലെന്ന് അവന്തിക, മാധ്യമ പ്രവർത്തകനോട് പറയുന്നതാണ് ഓഡിയോയിലുള്ളത്. ഈ സംഭാഷണം ആഗസ്റ്റ് ഒന്നിന് നടന്നതാണ്. കൂടുതൽ വിശദീകരണങ്ങൾ പിന്നീട് നൽകാമെന്ന് പറഞ്ഞ് രാഹുൽ വാർത്താസമ്മേളനം അവസാനിപ്പിച്ചിരുന്നു.