ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് എന്തിനാണ് രഹസ്യമാക്കി വച്ചത്? ചോദ്യം ചെയ്യല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നീട്ടിയത് മുഖ്യമന്ത്രി; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി ചോദ്യം ചെയ്തതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും രംഗത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് എന്തിനാണ് രഹസ്യമാക്കി വച്ചതെന്ന ചോദ്യമാണ് സതീശൻ ഉന്നയിച്ചത്. ചോദ്യം ചെയ്യല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നീട്ടിക്കൊണ്ട് പോകാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകിപ്പിച്ചത് സര്‍ക്കാര്‍ ഇടപെടലാണെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്.

സതീശൻ പറഞ്ഞത്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അതിനു വേണ്ടിയാണ് എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയത്. തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലായിരുന്നു കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നതെങ്കില്‍ അത് സി.പി.എമ്മിന് ക്ഷീണമുണ്ടാകുമെന്നതു കൊണ്ട് മനപൂര്‍വം നീട്ടിവയ്ക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം പിന്നീട് കോടതിയും ശരിവച്ചതാണ്. അന്വേഷണം മന്ദഗതിയിലാക്കിയെന്നാണ് കോടതി വിമര്‍ശിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുള്ളതു കൊണ്ട് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാതിരിക്കാനാകില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായും അംഗങ്ങളുമായും ബന്ധപ്പെടുത്തിയതില്‍ കടകംപള്ളി സുരേന്ദ്രന് പങ്കുണ്ട്. അത് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് എന്തിനാണ് രഹസ്യമാക്കി വച്ചത്? എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും അതൊക്കെ പുറത്തുവരും. എസ്.ഐ.ടിയില്‍ ഇപ്പോഴും വിശ്വാസമുണ്ട്. അവര്‍ അന്വേഷണം പൂര്‍ത്തിയാക്കട്ടെ. അവരുടെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടരുത്. മറ്റ് അമ്പലങ്ങളില്‍ നിന്നും വ്യത്യസ്തമായി ശബരിമലയിലെ എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ ഇടപെടാറുണ്ട്. രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും മൂന്ന് സി.പി.എം നേതാക്കളുമാണ് ഇപ്പോള്‍ ജയിലിലായിരിക്കുന്നത്. എന്നിട്ടും ഒരാള്‍ക്കെതിരെയും നടപടി എടുക്കാന്‍ സി.പി.എം തയാറല്ല. അയ്യപ്പന്റെ സ്വര്‍ണം കട്ടെടുത്തത് പൈങ്കിളി ആരോപണമാണോ. നടപടി എടുത്താല്‍ പൈങ്കിളി തലക്കെട്ട് വരുമെന്നാണ് എം.വി ഗോവിന്ദന്‍ പറയുന്നത്. അയ്യപ്പന്റെ സ്വര്‍ണം കട്ട പ്രതികളെ സി.പി.എമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണ്. സര്‍ക്കാരിന് കീഴില്‍ തന്നെയുള്ള പൊലീസ് അന്വേഷിച്ച് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ജാമ്യം പോലും നല്‍കിയിട്ടില്ല. എന്നിട്ടാണ് ആരോപണവിധേയനായ എം.എല്‍.എയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ബഹളംവച്ചത്. സി.പി.എം പറഞ്ഞിട്ടൊന്നുമല്ല കോണ്‍ഗ്രസ് നടപടി എടുത്തത്. എല്ലാത്തിലും സി.പി.എമ്മിന് ഇരട്ടത്താപ്പാണ്. കുറ്റം തെളിഞ്ഞ് വരട്ടെയെന്നാണ് പറയുന്നത്. കൂടുതല്‍ സി.പി.എം നേതാക്കള്‍ ജയിലിലാകുമെന്ന പേടിയാണ്. ആരൊക്കെ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്ന് അറിയാത്ത അവസ്ഥയിലാണ് സി.പി.എം. കോടതിയുടെ നിരീക്ഷണത്തിലാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്. എന്തെല്ലാം തെളിവുകളാണ് കടകംപള്ളിയില്‍ നിന്നും കിട്ടിയതെന്ന് കോടതി പരിശോധിക്കട്ടെ. കടകംപള്ളിക്കെതിരെ മറ്റു പ്രതികള്‍ നേരത്തെ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. മൊഴിപ്പകര്‍പ്പ് പുറത്ത് വരുമ്പോള്‍ അത് മനസിലാകും. പങ്കുണ്ടെന്ന് പറഞ്ഞതിന് എനിക്കെതിരെ കേസ് കൊടുത്ത ആളാണ്.

സണ്ണി ജോസഫ് പറഞ്ഞത്

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനേയും ദേവസ്വം മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനേയും ചോദ്യം ചെയ്യാതിരിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ സര്‍ക്കാരിന്റെ ശക്തമായ നിയന്ത്രണവും ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ അന്വേഷണം ഇത്രപോലും മുന്നോട്ട് പോകില്ലായിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നേതാക്കളായ പ്രതികളെ സിപിഎമ്മും സര്‍ക്കാരും തുടര്‍ച്ചയായി സംരക്ഷിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ജയില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ ചെറിയ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തയ്യാറല്ലെന്നാണ് കഴിഞ്ഞ ദിവസവും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. പ്രതികളുടെ ജാമ്യം നിഷേധിച്ച് കൊണ്ടുള്ള കോടതിയുടെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ബാധകമല്ലെന്ന നിലപാടാണ്. ഇത് വിശ്വാസ സമൂഹവും ജനാധിപത്യ വിശ്വാസികളും നിയമവാഴ്ച ആഗ്രഹിക്കുന്ന പൗരന്‍മാരും ശക്തമായ പ്രതിഷേധത്തോടെയാണ് വീക്ഷിക്കുന്നത്. അന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പ്രവര്‍ത്തനത്തെ സിപിഎം ബോധപൂര്‍വ്വം തടസ്സപ്പെടുത്തുന്നു. ശബരിമലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം എത്താനുണ്ടെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അതിലും നടപടിയില്ല. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് പരമരഹസ്യമാക്കി വെയ്ക്കാന്‍ അന്വേഷണം സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത് ആരാണ്? സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം മുഴുവന്‍ പ്രതികളിലേക്കും എത്തണമെങ്കില്‍ അന്വേഷണ സംഘത്തിന് മേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണം ഇല്ലാതാകണം. എത്രയും വേഗം നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടെടുക്കണം. നിര്‍ഭയമായി ഉന്നതരെ ചോദ്യം ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കാന്‍ അന്വേഷണം സംഘം തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide