കഴിഞ്ഞ ആഴ്ചയുണ്ടായ വ്യാപകമായ വിമാന സർവീസുകളുടെ റദ്ദാക്കലിനെ തുടർന്ന് യാത്രക്കാർക്ക് 500 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. പൈലറ്റുമാരുടെ ഡ്യൂട്ടി പട്ടിക തയ്യാറാക്കുന്നതിലെ പിഴവുകളെ തുടർന്നാണ് ഇൻഡിഗോ കഴിഞ്ഞ ആഴ്ച ഏകദേശം 4,500 വിമാനങ്ങൾ റദ്ദാക്കിയത്.
ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. സംഭവത്തെ തുടർന്ന് ആഭ്യന്തര ശീതകാല ഷെഡ്യൂളിൽ 10% കുറവ് വരുത്താൻ വ്യോമയാന വിഭാഗം ഇൻഡിഗോയോട് നിർദേശിച്ചിരുന്നു. ഡിസംബർ 3, 4, 5 തീയതികളിൽ വിമാനത്താവളങ്ങളിൽ യാത്ര മുടങ്ങി അകപ്പെട്ട യാത്രക്കാരുടെ വിമാനങ്ങൾ തിരിച്ചറിയുന്ന നടപടിയിലാണ് തങ്ങളെന്ന് ഇൻഡിഗോ എക്‌സ് (X) പോസ്റ്റിൽ അറിയിച്ചു.
പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്കും ചില വിമാനത്താവളങ്ങളിൽ അകപ്പെട്ട യാത്രക്കാർക്കും നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി വ്യക്തമാക്കി. പ്രതിസന്ധിയിൽ പുതിയ വിശ്രമസമയം, ഡ്യൂട്ടി നിയമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി മുൻകൂട്ടി പദ്ധതി തയ്യാറാക്കുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടുവെന്ന വിമർശനവും ഉയർന്നിരുന്നു.
Widespread flight cancellations: IndiGo to pay over Rs 500 crore in compensation










