
ന്യൂഡല്‍ഹി: വൈദ്യുതി ഗ്രിഡില്‍ ഉണ്ടായ തകരാര്‍ മൂലം സ്‌പെയിനിലും പോര്‍ച്ചുഗല്ലിലും ജനങ്ങളെ ഇരുട്ടിലാക്കി വ്യാപക വൈദ്യുതി മുടക്കം. മണിക്കൂറുകള്‍ നീണ്ട വൈദ്യുതി മുടക്കം രാജ്യത്ത് വലിയ ഗതാഗതക്കുരുക്കിനും വിമാന സര്‍വീസുകള്‍ മുടങ്ങുന്നതിലേക്കും നയിച്ചു.
ഗുരുതര സാഹചര്യം കണക്കിലെടുത്ത സ്പാനിഷ്, പോര്‍ച്ചുഗീസ് സര്‍ക്കാരുകള്‍ അടിയന്തര മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ഗ്രിഡ് പുനസ്ഥാപിക്കാന്‍ യൂട്ടിലിറ്റി ഓപ്പറേറ്റര്‍മാര്‍ കഠിന പരിശ്രമം തുടരുകയാണ്. ഇതിനിടെ ഭാഗീകമായി വൈദ്യുതി പുനസ്ഥാപിച്ചുവെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. നിരവധി പേര്‍ മണിക്കൂറുകള്‍ ട്രെയിനില്‍ കുടുങ്ങി കിടക്കുന്ന സ്ഥിതിയുമുണ്ടായി. സ്‌പെയിനിലെ 46 വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യുന്ന എഇഎന്‍എ രാജ്യത്തുടനീളം വിമാന സര്‍വീസുകള്‍ വൈകിയതായി അറിയിച്ചു.
വടക്കുകിഴക്കന്‍ സ്‌പെയിനുമായി അതിര്‍ത്തി പങ്കിടുന്ന ഫ്രാന്‍സിന്റെ ഒരു ഭാഗത്തും പ്രതിസന്ധിയുണ്ട്. യൂറോപ്യന്‍ ഊര്‍ജ്ജ ഉല്‍പ്പാദകരുമായും ഓപ്പറേറ്റര്‍മാരുമായും ഏകോപിപ്പിച്ച്, ഘട്ടം ഘട്ടമായുള്ള ഊര്‍ജ്ജ വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളും സജീവമാക്കി വരികയാണെന്ന് പോര്‍ച്ചുഗലിന്റെ യൂട്ടിലിറ്റി കമ്പനിയായ റെന്‍ സ്ഥിരീകരിച്ചു.
സുരക്ഷ ഒരുക്കുന്നതിനായി പ്രധാന കെട്ടിടങ്ങള്‍ക്ക് ചുറ്റും കനത്ത പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഗതാഗതത്തിന് ഇവിടങ്ങളില്‍ നിയന്ത്രണവുമുണ്ട്. മാഡ്രിഡില്‍ ബ്രിട്ടീഷ് എംബസി അടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടം താല്‍ക്കാലികമായി ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്തുടനീളമുള്ള ട്രാഫിക് സംവിധാനങ്ങളെ വൈദ്യുതി മുടക്കം ബാധിച്ചു. ലിസ്ബണിലും പോര്‍ട്ടോയിലും മെട്രോ അടച്ചു, ട്രെയിനുകള്‍ ഓടുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.