ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു: സംസ്ഥാനത്ത് പരക്കെ മഴ; 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് വീണ്ടും പരക്കെ മഴ. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴമുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്രന്യുന മര്‍ദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള കര്‍ണാടക തീരങ്ങള്‍ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറി. ഇത് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്ര ന്യുനമര്‍ദ്ദമായി മാറി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.

ഇടിമിന്നലോട് കൂടിയ മഴയാണ് മിക്ക ജില്ലകളിലും ലഭിക്കുന്നത്. മലയോര ജില്ലകളിലും പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇന്നലെ രാത്രിയും ഇടുക്കി ജില്ലയില്‍ കനത്ത മഴയാണ് ലഭിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഇന്നലെ ഒരു മരണവും നിരവധി പേര്‍ക്ക് പരുക്കുമേറ്റു. കോഴിക്കോട് പുല്ലാളൂര്‍ പറപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് ഇടിമിന്നലേറ്റ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാല് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്കു പറ്റുകയും ചെയ്തു. മഴ പെയ്തപ്പോള്‍ അടുത്തുള്ള വീടിനകത്തേക്ക് കയറിയവര്‍ക്ക് വീടിന് അകത്തു വച്ചാണ് മിന്നലേറ്റത്. പാലക്കാട് കുറ്റനാട് ഇടിമിന്നലില്‍ യുവതിക്കാണ് പരിക്കേറ്റത്. വീടിനുള്ളില്‍വെച്ചാണ് അതിശക്തമായ മിന്നലേറ്റത്.

Widespread rain in Kerala, Orange alert in 4 districts

More Stories from this section

family-dental
witywide